‘സ്വയംവര’ത്തിന് ഇന്ന് അമ്പതാണ്ട്; അന്ന് നവതരംഗം കൊടിയേറ്റിയ അടൂര്‍

മലയാള സിനിമയ്ക്ക് പുതിയ ഭാഷയും ഭാവുകത്വവും സമ്മാനിച്ച സ്വയംവരം. അന്ന് രണ്ടരലക്ഷം രൂപയ്ക്ക് സിനിമാ പ്രവര്‍ത്തകരുടെ ഉല്‍സാഹത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ ഇന്നും ആ നിരയിലെ മാസ്റ്റര്‍ പീസാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്റെ ഏറ്റവും ആദ്യത്തെ വലിയ ചുവടുവയ്പ്. 1972 നവംബർ 24 നാണ് ചിത്രം ആദ്യം പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. ആ ചരിത്രത്തിന് ഇന്ന് അമ്പതാണ്ട് തികയുന്നു. പിന്നീട് മലയാളികൾ അടൂരിന്റെ പല ചിത്രങ്ങളിലൂടെ കടന്ന് പോയി. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ,  ഒരു പെണ്ണും രണ്ടാണും, പിന്നെയും എന്നിങ്ങനെ നീണ്ടു അടൂർ മലയാള സിനിമയ്ക്ക് നൽകിയ ചലച്ചിത്ര രചനകള്‍. ആ നിരയില്‍ ഇപ്പോഴും തലയെടുപ്പോടെ നില്‍ക്കുന്നു സ്വയംവരം.

അടൂര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രം എന്ന സവിശേഷതയുള്ള സ്വയംവരം, സഹതിരക്കഥാകൃത്തായി കെ.പി.കുമാരനും. ഇന്നും മലയാള സിനിമയുടെ ചരിത്രത്തില്‍ സ്വയംവരം തിളങ്ങിനില്‍ക്കുന്നു. മധു, ശാരദ എന്നിവരെ കൂടാതെ കെപിഎസി ലളിത, തിക്കുറിശ്ശി, ഗോപി, കരമന ജനാർദ്ദനൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മങ്കട രവിവര്‍മയുടെ ഛായാഗ്രഹണം. ചിത്രലേഖ ഫിലിം കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ ബാനറില്‍ ജനകീയ നിര്‍മാണം.

മലയാളത്തില്‍ നവതരംഗസിനിമയുടെ കൊടിയേറ്റമായിരുന്നു സ്വയംവരം. സീത എന്ന നായിക അന്നോളം കണ്ട മട്ടിലൊരു സ്ത്രീ കഥാപാത്രമായിരുന്നില്ല.  സമൂഹത്തിന്റെ പല വേലിക്കെട്ടുകളെയും അവൾക്ക് പൊളിച്ചെഴുതേണ്ടി വന്നു. എതിർപ്പുകളെ മറികടന്ന് കല്യാണം കഴിക്കുന്ന സീത, വിശ്വം എന്നീ ദമ്പതികളുടെ കഥയാണ് സ്വയംവരം പറയുന്നത്. പതിയെ പതിയെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വഴുതി വീഴുകയാണ് വിശ്വം. ഒരു എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്നുണ്ട് നായകന്‍. അതിനുവേണ്ടി അയാൾ കഠിനപ്രയത്നം ചെയ്യുന്നുമുണ്ട്. ചില്ലറ ജോലി ചെയ്ത് ജീവിക്കാൻ സീതയും നോക്കുന്നു. ഒടുക്കം വിശ്വം തടി ഫാക്ടറിയിൽ ഗുമസ്തനായി ജോലിക്ക് കയറുന്നു. അവിടെയും വിധി അവരെ തോൽപ്പിച്ചു കളഞ്ഞു. അവരുടെ ദാമ്പത്യത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി കടന്നു വരുന്നുണ്ട്. പ്രാരാബ്ദങ്ങളുടെ ഉച്ചകോടിയിൽ നിൽക്കുമ്പോൾ, വിശ്വം മരിക്കുന്നു.  ഭർത്താവിന് ഏറ്റവും നല്ല ചികിത്സ കൊടുക്കാൻ അലയുന്ന സീതയെ എല്ലാ അർത്ഥത്തിലും, ഘടികാരത്തെ തോൽപ്പിക്കാൻ ഓടുന്ന ഒരു സാധാരണ സ്ത്രീയായി തന്നെയാണ് അടൂർ അവതരിപ്പിച്ചത്.  വല്ലാതെ ഉലയുന്ന അവസ്ഥയിലും സീത എന്ന സ്ത്രീയുടെ മനോധൈര്യം സ്വയംവരത്തില്‍ വേറിട്ട് അടയാളപ്പെട്ടുകിടക്കുന്നു. 

സ്വയംവരത്തിന്റെ സംഗീതമടക്കം എല്ലാം പുതുവഴിയിലായിരുന്നു. നടത്തിയ പരീക്ഷണങ്ങളെല്ലാം കാലങ്ങൾക്ക് ശേഷം ഇന്നും സിനിമാവട്ടങ്ങളില്‍ ചൂടേറിയ ചർച്ചയാണ്. 1973ല്‍ അടൂരിന് മികച്ച സംവിധായകൻ ശാരദയ്ക്ക് മികച്ച നടി എന്നീ അവാർഡുകൾ നേടിക്കൊടുത്തു. കേരളത്തിലെ വാണിജ്യ സിനിമകൾക്ക് ബദലായി കലാപരമായ സിനിമകൾ ഉണ്ടായി തുടങ്ങിയ കാലഘട്ടത്തിലാണ് സ്വയംവരവുമായി അടൂരിന്റെ വരവ്. ലൊക്കേഷനുകൾ തിരഞ്ഞെടുത്ത ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും സ്വന്തം.

ആദ്യദിവസം തിയേറ്ററിൽ അത്ര വലിയ നല്ല പ്രതികരണമെന്നും സ്വയംവരത്തിനു ലഭിച്ചില്ല. എന്നാൽ കാലം കഴിയുന്തോറും അതിന്റെ മൂല്യമേറിവരുന്നു.  പതിയെ പതിയെ ആളുകൾ അടൂരിന്റെ ചിത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു. ദേശിയ അവാർഡ് കിട്ടിയപ്പോൾ, സ്വയംവരം എന്ന ചിത്രത്തിന് അന്ന് കൂടുതല്‍ കാഴ്ചക്കാരെ കിട്ടി.  ഇന്ത്യൻ വേദികളിൽ മാത്രമല്ല മോസ്കോ, മെൽബണ്‍, പാരിസ്, ലണ്ടൻ എന്നിവിടങ്ങളിലെ ചലച്ചിത്ര മേളകളിലും സ്വയംവരം നിറസദസ്സുകളെ നേടി. ലോകമെങ്ങും ഒരു സീതയും വിശ്വവും എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കും. അവർ പ്രണയിക്കും, കലഹിക്കും, ഒരുമിച്ച് ജീവിക്കും, മരിക്കും. വലിയ സ്ക്രീനുകളിൽ തങ്ങളെ കാണാൻ അവർ സിനിമാ കോട്ടകളിലേക്ക് പോകും. സ്വയംവരം കാലാതിവര്‍ത്തിയാകുന്നതും പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം കൊണ്ടുതന്നെ.