'ഇനി ഉത്തരം' പ്രേക്ഷകരെ പിടിച്ചിരുത്തും; സ്ത്രീപക്ഷ ഇമോഷണല്‍ ത്രില്ലര്‍’: അഭിമുഖം

ദേശീയ പുരസ്‌കാര ജേതാവായ അപര്‍ണ്ണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഇനി ഉത്തരം'. ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്ന സുധീഷ് സ്വതന്ത്ര സംവിധായനാകുന്ന ആദ്യ സിനിമ കൂടിയാണിത്. രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ പിടിച്ചിരിത്തുന്ന ഒരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമാണെന്നും തിയറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണിതെന്നും സുധീഷ് രാമചന്ദ്രന്‍. തന്‍റെ ആദ്യചിത്രത്തെക്കുറിച്ചും സിനിമാ പ്രതീക്ഷകളും സുധീഷ് രാമചന്ദ്രന്‍ മനോരമന്യൂസ് ഡോട്ട്കോമിനോട് പങ്കുവയ്ക്കുന്നു.

സുധീഷ് രാമചന്ദ്രന്‍റെ വാക്കുകള്‍: ‘ഇനി ഉത്തരം' ഇമോഷണല്‍ ത്രില്ലര്‍ ജോണറിലുള്ള ഒരു സ്ത്രീപക്ഷ സിനിമയാണ്. അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഷാജോണ്‍, സിദ്ധാര്‍ഥ് മേനോന്‍, ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജാനകിയിലൂടെയുള്ള യാത്രയാണ് സിനിമ. 2013 മുതല്‍ ഞാന്‍ ജീത്തുവിനൊപ്പം വര്‍ക്ക് ചെയ്തു വരികയാണ്. ദൃശ്യം ഒന്നാം ഭാഗത്തില്‍ അസിസ്റ്റന്‍റായും രണ്ടാം ഭാഗത്തില്‍ അസോസിയേറ്റായുമാണ് വര്‍ക്ക് ചെയ്തത്. ജീത്തു സാറിന്‍റെ ട്വല്‍ത് മാന്‍ വരെ വര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ ശ്യാംദത്ത് സാറിന്‍റെ സ്ട്രീറ്റ് ലൈറ്റ്, അന്‍സാരിക്കയുടെ ലക്ഷ്യം, സുനില്‍ സുബ്രഹ്മണ്യന്‍റെ  എന്‍റെ മഴ തുടങ്ങി വേറെ സംവിധായകരോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ജീത്തു സാറിനൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. ഒരുപാട് നാള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തത് പ്രചോദനമായിട്ടുണ്ട്. നമ്മളറിയാതെ തന്നെ അവരില്‍ നിന്ന് ഒരുപാട് കാര്യം നമ്മളിലേക്കെത്തും. 

ആദ്യ സിനിമ തന്നെ ത്രില്ലറാകണമെന്ന് കരുതിയിരുന്നില്ല. ട്വല്‍ത് മാനിന് ശേഷം ഞാന്‍ ഒരു ഫീല്‍ ഗുഡ് മൂവി ചെയ്യാനിരിക്കുകയായിരുന്നു. ജീത്തു സാറിനൊപ്പം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ മാത്രം ചെയ്ത് സ്വതന്ത്രമായി ചെയ്യുമ്പോള്‍ ഫീല്‍ ഗുഡ് ചെയ്യാനായിരുന്നു  ഇഷ്ടം. ഇനി ഉത്തരം സിനിമയുടെ തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും ഉണ്ണിയും എന്‍റെ സുഹൃത്തുക്കളാണ്. അവരുടെ കഥ കേട്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെയാണ് ത്രില്ലറിലേക്ക് തന്നെ തിരിച്ചെത്തിയത്. സിനിമ ചര്‍ച്ചകള്‍ക്കിടയില്‍ പെട്ടെന്നാണ് കഥ കേള്‍ക്കുന്നതും ചെയ്യാന്‍ തീരുമാനിക്കുന്നതും. 

ചിത്രത്തിന്‍റെ ട്രെയിലറില്‍ കാണിക്കുന്നത് പോലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ട്. അതാണ് പടത്തിന്‍റെ ടാഗ് ലൈന്‍‍. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുണ്ടാകാം. പക്ഷെ, ചോദ്യങ്ങളില്ലാത്ത ഉത്തരങ്ങളില്ല. രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിങ്ങളെ പിടിച്ചിരിത്തുന്ന ഒരു സിനിമയെന്നത് ഉറപ്പാണ്. തീയറ്ററില്‍ തന്നെ എക്സ്പീരിയന്‍സ് ചെയ്യേണ്ട സിനിമയാണിത്. 

ഇതൊരു സ്ത്രീപക്ഷ സ്ത്രീപക്ഷ സിനിമയായതിനാല്‍ ജാനകി എന്ന കഥാപാത്രം വളരെ പ്രധാനമാണ്. ഞാന്‍ കഥ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ അപര്‍ണ കഥ കേട്ട് ഇഷ്ടമായിരുന്നു. മുന്‍പ് ഒന്നിച്ച് വര്‍ക്ക് ചെയ്തതിനാല്‍ അപര്‍ണയുടെ പ്രകടന മികവ് എനിക്ക് വ്യക്തമായി അറിയാം. കഥാപാത്രത്തിനോട് നൂറു ശതമാനം നീതി പുലര്‍ത്തും. ഷൂട്ട് തുടങ്ങിയതിന് ശേഷമാണ് അവാര്‍ഡ് അനൗണ്‍സ് ചെയ്തതും. പാട്ടിന്‍റെ ഷൂട്ട് നടക്കുമ്പോഴാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അത് ഇരട്ടിമധുരമായി. മറ്റ് അഭിനേതാക്കളും വളരെ മികച്ച പ്രകടനം കാഴ്ച വച്ചു. ഷാജോണ്‍ ചേട്ടനും സിദ്ദീഖ് സാറിനൊപ്പമൊക്കെ മുന്‍പ് വര്‍ക്ക് ചെയ്തതാണ്. സിദ്ധാര്‍ഥും ഹരീഷേട്ടനുമൊപ്പം ആദ്യമാണ്. പൊലീസ് വേഷമായോണ്ട് ഹരീഷേട്ടന്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഭീഷ്മപര്‍വത്തിലും പൊലീസാണ്. അതേ വേഷമല്ലാതെ എന്തെങ്കിലും ചെയ്യാനിരിക്കുകയായിരുന്നു. പിന്നീട് കഥ കേട്ട ശേഷം ഹരീഷേട്ടന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അസാധ്യ പ്രകടനമാണ് ഹരീഷേട്ടന്‍റെത്. അതുപോലെ സിദ്ധാര്‍ഥും മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്.’

എ ആന്‍ഡ് വി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വരുണ്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇനി ഉത്തരം നിര്‍മ്മിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം. വിനായക് ശശികുമാറാണ് ഗാനരചന . എഡിറ്റര്‍ -ജിതിന്‍ ഡി.കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, വിനോഷ് കൈമള്‍, കല- അരുണ്‍ മോഹന്‍, മേക്കപ്പ് -ജിതോഷ് പൊയ്യ, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണന്‍, പരസ്യ കല -ജോസ് ഡൊമനിക്ക്, പി.ആര്‍.ഓ- ആതിര ദില്‍ജിത്, സ്റ്റില്‍സ്- ജെഫിന്‍ ബിജോയ് ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് സി നാരായണന്‍.

sudheesh-ramachandran-talks-about-ini-utharam-movie