‘മമ്മൂട്ടി ടൈഗർ; മോഹന്‍ലാല്‍ സിംഹം’; വിജയ് ദേവർകൊണ്ടയുടെ മറുപടികള്‍

മോഹൻലാൽ എന്ന് കേള്‍ക്കുമ്പോൾ തനിക്ക് സിംഹത്തെയാണ് ഓർമ വരുന്നതെന്ന് തെന്നിന്ത്യൻ താരം വിജയ് ദേവർകൊണ്ട. മമ്മൂട്ടി എന്ന് കേൾക്കുമ്പോൾ ടൈഗർ എന്നാണ് തോന്നുന്നതെന്നും താരം. പുതിയ ചിത്രമായ ലൈഗറിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് ദേവർകൊണ്ടയുടെ മാസ് മറുപടി.

തനിക്ക് ഏറ്റവും ഇഷ്ടമുള്ള ദുൽഖർ സൽമാന്റെ പിതാവായതിനാൽ മമ്മൂട്ടി തനിക്ക് അങ്കിൾ ആണെന്നും താരം കൂട്ടിച്ചേർത്തു. ദുൽഖറിനെ കുഞ്ഞിക്ക എന്ന് വിശേഷിപ്പിക്കാനും വിജയ് മറന്നില്ല. ഫഹദ് ഫാസിലിനെക്കുറിച്ചുള്ള ചോദ്യത്തിന് കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടൻ എന്നായിരുന്നു പ്രതികരണം. ടൊവിനോയെ ഹാൻഡ്സം എന്നും വിശേഷിപ്പിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡയലോഗുകൾ പറഞ്ഞും താരം കയ്യടി നേടി. 

ലൈഗർ മികച്ച അനുഭവമായിരിക്കുമെന്നും വിജയ് ദേവർകൊണ്ട ഉറപ്പുനൽകി. തെലുങ്കിലെ മുൻനിര സംവിധായകനായ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലൈഗർ മിക്സഡ് മാർഷൽ ആർട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ്. ബോക്സിങ് താരം മൈക്ക് ടൈസൺ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.കേരളത്തിലെ 150ലേറെ തിയറ്ററുകളിലായി ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുക.