കണ്ടിറങ്ങിയാല്‍ പറഞ്ഞുപോകും: എന്നാ വാ, പോയി കേസ് കൊടുക്കാം..!

സത്യം പറഞ്ഞാൽ കേസു കൊടുക്കണം എന്ന് തോന്നിപ്പോകും. സിനിമ കണ്ട് പുറത്തിറങ്ങി വരുന്നവർക്ക്, നമ്മുടെ എപ്പോഴത്തേയും റോഡിന്റെ അവസ്ഥയും സിനിമ പറയുന്ന നിയമവശങ്ങളും മനസ്സിലാക്കിയാൽ നമ്മുടെ കോടതികളിൽ റോഡിലെ ‘കുഴി’ക്കേസുകൾ െകാണ്ട് നിറയും. അത്രമാത്രം ലളിതമായി ഏതൊരു സാധാരണക്കാരനും അവന് നിയമം തരുന്ന പരിരക്ഷകളെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്തുന്നു ഈ ചിത്രം. നാലുവരി വാചകം കേട്ടപ്പോൾ തന്നെ സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവർ. പടം കണ്ടിറങ്ങി കഴിഞ്ഞാല്‍ സ്വയം പറഞ്ഞുപോകും: ‘എന്നാ വാ പോയി കേസ് െകാടുക്കാം..’ 

സമീപകാലത്തൊങ്ങും ഇത്രമാത്രം ജീവിത ചുറ്റുപാടുകള്‍ക്ക് ചേർന്നൊരു സിനിമ ഇറങ്ങിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം. ‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’  എന്ന വാചകം അങ്ങനെ ചുമ്മാ പറഞ്ഞതല്ല. പടം പറയുന്നത് തന്നെ റോഡിൽ എങ്ങനെ കുഴി ഉണ്ടാകുന്നു, എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെ കുറിച്ചാണ്. ഈ കുഴിയും കടന്ന് ഉറപ്പായും ടിക്കറ്റെടുക്കാമെന്ന് കണ്ടവര്‍ ഒന്നാകെ പറയുന്നു. 

ഇതുവരെ മലയാളി കരുതിപ്പോന്ന കുഞ്ചാക്കോ ബോബനെ ഇവിടെ കാണാൻ കഴിയില്ല. ആ ചട്ടക്കൂടുകളെ വേഷത്തിലും രൂപത്തിലും പ്രകടനത്തിലും ചാക്കോച്ചൻ അതിവേഗം മറികടക്കുന്നു. അവസാനഭാഗത്ത് തന്റെ ജീവിതം പറയുന്ന ആ ക്ലോസ്ഷോട്ടിൽ ആ നടൻ നിറഞ്ഞാടുന്നു. കണ്ണിലൂടെ കഥയും നിസ്സഹായതയും പറയുന്ന പ്രകടനം. ചില ഭാഗങ്ങളിൽ കുഞ്ചാക്കോ ബോബനെ കടത്തിവെട്ടുന്ന അഭിനയം കാഴ്ച വച്ച ജഡ്ജിയാണ് സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിലെ ഒരിക്കലും തീരാത്ത മറ്റൊരു കേസ് ഫയലായി ബാക്കിയാവുക. പ്രാവിന്റെ മനസ്സുള്ള, ശുദ്ധനും രസികനും മനുഷ്യപറ്റുള്ളവനുമായി ഒരു ജ‍‍‍ഡ്ജി(ദൈവതുല്യൻ).  അയാളുടെ നോട്ടത്തിലും മൂളലിനും വരെ തിയറ്ററിൽ കയ്യടിയാണ്. 

പഴയ കള്ളൻ പണിയൊക്കെ നിർത്തി മാന്യനായി ജീവിക്കാൻ തുടങ്ങുന്ന കോഴുമ്മൽ രാജീവന്റെ പൃഷ്ഠത്തിൽ രണ്ട് പട്ടികൾ കടിച്ചുപറിക്കുന്നതാണ് ഇത്ര വലിയ പ്രശ്നങ്ങൾക്കൊക്കെ കാരണം. ആ കേസ് എവിടെ പോയി നിന്നെന്ന് പടം പറയുന്നു. സർക്കാർ കടലാസിൽ ചന്തി, കുണ്ടി എന്നൊക്കെ എഴുതാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടായത് െകാണ്ടാണ് പൃഷ്ഠം എന്ന് ഉപയോഗിക്കുന്നതെന്ന് വക്കീൽ തന്നെ പറയുന്നുണ്ട്. പക്ഷേ കേസ് കോടതി കയറിയിറങ്ങി നിരങ്ങുന്നതോടെ നിന്റെ പൃഷ്ഠം വീണ്ടും കുണ്ടിയാകും എന്നാണ് തോന്നുന്നതെന്ന് രസകരമായി വിമർശിക്കുന്നുണ്ട് സിനിമ.

വലിയ നടൻമാരുടെ മേളമില്ല. സിനിമയുടെ പകുതിയും നടക്കുന്നത് കോടതിയിലാണ്. കേസ്, വാദം പ്രതിവാദം, മൊഴികൾ, സാക്ഷികൾ.. അങ്ങനെ പോകുന്ന രസകരമായ സംഭവങ്ങൾ. ചിരിക്കാൻ വേണ്ടി ഒന്നും സിനിമയിൽ കൃത്രിമമായി എഴുതി ഉണ്ടാക്കിയിട്ടില്ല കഥാകൃത്ത്. പക്ഷേ സാധാരണക്കാരിൽ സാധാരണക്കാരന്റെ റിയാലിറ്റികൾ പുറമേ നിന്ന് കാണുന്നവന് ചിരിക്കാൻ വക നൽകുന്നതാണെന്ന് പടം അടിവരയിടുന്നു. അതിനെ െപാടിപ്പും െതാങ്ങലും ചേർക്കാതെ അവതരിപ്പിച്ചു എന്നതിൽ സംവിധായകന് കയ്യടി െകാടുക്കണം.

‘ദേശീയ കുഴി’കളെയും ‘സംസ്ഥാന കുഴി’കളെയും ഒരുപോലെ മുഖമടച്ച് അടിക്കുന്നുണ്ട് ചിത്രം. പെട്രോൾ വിലയുടെ കയറ്റം ഓരോ തവണയും അടയാളപ്പെടുത്തി തിയറ്ററിലേക്ക് എത്തിയ ചെലവ് കാണികളെ ഓർമിപ്പിക്കുന്നു. ഇത്ര െകാടുത്തിട്ടും വന്ന റോഡിന്റെ ഗതി കൂടി ആലോചിക്കുമ്പോൾ പടം നികുതി അടയ്ക്കുന്ന സമൂഹത്തോട് കൂറ് പുലർത്തുന്നു. കാസർകോടിന്റെ ഭാഷാശൈലിയും അതേ നൻമ ചോരാത്ത കുറേ മുഖങ്ങളും സിനിമയുടെ കുഴിയില്ലാത്ത തട്ടുപ്പൊളിപ്പൻ റോഡുകളാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഓർമ വന്നുപോകും കഥ പറച്ചിൽ കാണുമ്പോൾ. 

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സന്തോഷ് ടി. കുരുവിള നിർമിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവർ സഹനിർമാതാക്കളുമാണ്.രാജേഷ് മാധവൻ, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൂടാതെ പേരറിയാത്ത, കാസർകോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ബേസില്‍ ജോസഫ് അതിഥിവേഷത്തിലും എത്തുന്നു.