ദുബായിയിൽ വർണാഭമായ ലേസർ ഷോ ഒരുക്കി ടീം തല്ലുമാല

ദുബായിയിൽ വർണാഭമായ ലേസർ ഷോ ഒരുക്കി ടീം തല്ലുമാല . ചിത്രത്തിന്‍റെ ഗൾഫ് പ്രമോഷന്‍റെ ഭാഗമായാണ് ഫെസ്റ്റിവൽ സിറ്റിയിൽ പ്രത്യേക പരിപാടി ഒരുക്കിയത്.  പ്രധാന അഭിനേതാക്കളെ അണിനിരത്തിയായിരുന്നു പരിപാടി. കേരളത്തിലും ദുബായിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. 

ആദ്യമായാണ് ഒരു മലയാളചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ദുബായിയിൽ ഇത്തരത്തിലൊരു പരിപാടി.  വാട്ടർ ഫൌണ്ടിനിൽ ലേസർ രശ്മികളുപയോഗിച്ചായിരുന്നു ഷോ   ഒരുക്കിയത്.  സാക്ഷിയായി നൂറുകണക്കിന് ആരാധകരും. 

ഷൈൻ ടോം ചാക്കോ, ചെമ്പൻ വിനോദ്, തിരക്കഥാകൃത്ത് മുഹ്സിൻ പരാരി എന്നിവരും എത്തിയതോടെ ആരാധകർ ആവേശത്തിലായി. ചിത്രത്തിന്‍റെ ട്രെയിലറും ഫെസ്റ്റിവൽ സിറ്റി മോളിന്‍റെ ചുവരുകളിൽ  പ്രദർശിപ്പിച്ചു. ടൊവിനോയുടെ മണവാളൻ വസീമിനൊപ്പം   വ്ളോഗർ ബിപാത്തുവായാണ് കല്യാണി പ്രിയദർശനെത്തുന്നത്.

തിരക്കഥാകൃത്തുക്കളിലൊരാളായ മുഹ്സിൻ പരാരി തന്നെയാണ് പാട്ടുകളുമൊരുക്കിയിരിക്കുന്നത്. പക്ഷെ അതിന്‍റെ ക്രഡിറ്റിൽ പേര് മറ്റൊന്നാണ്. മലയാളസിനിമകളിലെ ഉള്ളടക്കവും വിജയപരാജയങ്ങളും ചർച്ചയായി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും.