‘മഹാവീര്യർ ഇഷ്ടപ്പെടാൻ വലിയ ബുദ്ധിയൊന്നും വേണ്ട’: പ്രശംസിച്ച് നാദിർഷ

വ്യത്യസ്തമായ രീതിയിൽ നർമവും ഫാന്റസിയും  അദൃശ്യമായി സമകാലിക രാഷ്ട്രീയവിമർശനവും ഒത്തുചേർന്ന് ഒരുക്കിയ മഹാവീര്യർ ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ നാദിർഷ. ബുദ്ധിയുള്ളവർക്കേ മനസ്സിലാകൂ എന്ന നിരൂപണങ്ങള്‍ കണ്ടിട്ടാണ് ചിത്രം കാണാൻ പോയതെന്നും സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നിയെന്നും നാദിർഷ കുറിച്ചു.

‘‘മഹാവീര്യർ ഇന്നാണ് കണ്ടത്. സിനിമ ഇറങ്ങിയ ഉടനെ കാണണം എന്നു വിചാരിച്ചിരുന്നതാ, അപ്പോഴാണ് ഇത് ബുദ്ധിയുള്ളവർക്കേ കണ്ടാൽ മനസ്സിലാകൂ എന്ന് ആരോ ഒക്കെയോ നിരൂപണം എഴുതി കണ്ടത്. അപ്പോൾ പിന്നെ ഞാൻ കാണണോ എന്നൊരു സംശയം. പിന്നെ രണ്ടും കൽപിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി. ഏബ്രിഡ് ഷൈനോട് വല്ലാത്ത ആദരവും തോന്നി. ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഈ സിനിമ ഇഷ്ടപ്പെടാൻ പ്രത്യേകിച്ച് വലിയ ബുദ്ധിയൊന്നും വേണമെന്നില്ല. നന്ദി നിവിൻ, ആസിഫ്.’’–നാദിർഷ പറഞ്ഞു.

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യർ. ഫാന്റസിയിൽ ഒളിപ്പിച്ച് ശക്തമായ ആനുകാലിക രാഷ്ട്രീയം/ പ്രതിഷേധം അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക്  തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.