സിനിമ ‘ചമയ്ക്കുന്ന’ ചമൻ; മലയാളത്തിലെ പ്രായം കുറഞ്ഞ ഫിലിം എഡിറ്റര്‍; അഭിമുഖം

chaman-chacko
SHARE

സംഗിതജ്ഞന്‍ ജോണ്‍സന്‍ മാസ്റ്ററുമായുള്ള രക്തബന്ധമാണ് ചമന്‍ ചാക്കോയ്ക്ക് സിനിമയുമായുള്ള ഏക ബന്ധം. എങ്കിലും പഠനം കഴിഞ്ഞാല്‍ സിനിമ തന്നെയായിരുന്നു ചമന്റെ ലക്ഷ്യം. ആദ്യം തിരഞ്ഞെടുത്ത മേഖല സിനിമാറ്റോഗ്രാഫിയായിരുന്നു.  ആരുടെയെങ്കിലുംകൂടെ സഹായിയായി നിന്ന് ക്യാമറ ചലിപ്പിക്കുന്നത് പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കൊടും ചൂടിലും വെയിലത്തുമുള്ള ജോലിയാണ് സിനിമാറ്റോഗ്രാഫറുടേതെന്ന് മൈഗ്രെയിന്‍ അലട്ടുന്ന ചമന്‍ തിരിച്ചറിഞ്ഞു. അതോടെ ക്യാമറയില്‍ നിന്ന് മാറി എഡിറ്റിങ്ങിലേക്ക് ചുവടുവച്ചു. അത് വെറുതെയായില്ല. കേരളത്തിലെ ഏറ്റവും പ്രായം കുറ‍ഞ്ഞ ഫിലിം എഡിറ്റര്‍ ഇന്ന് മലയാള സിനിമയില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയിരിക്കുകയാണ്. ചമന്‍ മനോരമ ന്യൂസിനോട്  സംസാരിക്കുന്നു.

ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് എഡിറിങ്.  പോസ്റ്റ് പ്രൊഡക്ഷന്റെ നട്ടെല്ലുതന്നെ എഡിറ്റിങ്ങാണ്. എങ്ങനെയായിരുന്നു ഈ മേഖലയിലുള്ള  ചമന്‍റെ തുടക്കം ?

ഞാന്‍ ഒരു ഷോട്ട് ഫിലിം ചെയ്തിരുന്നു. അത്  എഡിറ്റ് ചെയ്യാന്‍ ആളില്ലാതെ വന്നതോട ഞാന്‍ തന്നെയിരുന്ന് എഡിറ്റ് ചെയ്തു. അങ്ങനെ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. അതാണ് എഡിറ്റിങ്ങെന്ന ധാരണയിലായിലുമായിരുന്നു. എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ സഹായിയായാണ് ഫിലിം എഡിറ്റിങിലേക്ക് കടന്നത്.  ചാര്‍ലിയും അങ്കമാലി ഡയറീസുമെല്ലാം എഡിറ്റ് ചെയ്തത് ഷമീറായിരുന്നു. ഞാന്‍ പഠിച്ചതൊന്നുമല്ല എഡിറ്റിങ്ങെന്നും ഫിലിം എഡിങ് മറ്റൊരു ലോകമാണെന്നും തിരിച്ചറിഞ്ഞത് അവിടെവച്ചാണ്. ഷമീറിക്കയ്ക്കൊപ്പം എഡിറ്റിങ് പഠിക്കവേയാണ്  രോഹിത്തേട്ടന്റെ (വി.എസ്.രോഹിത്ത്)  ഇബിലീസ് എന്ന സിനിമ എഡിറ്റിങ്ങിനായി എത്തിയത്. അതിന്റെ മേക്കിങ് വീഡിയോ ഞാനാണ് എഡിറ്റ്  ചെയ്തത്. അതായിരുന്നു സിനിമയിലെ എന്റെ ആദ്യ സ്വതന്ത്ര എഡിറ്റിങ്.  പിന്നീട് ഫൊറന്‍സിക്ക് എന്ന സിനിമയുടെ സ്പോട്ട് എഡിറ്ററായി. ഷമീറിക്ക തന്നെയായിരുന്നു ഫൊറന്‍സിക്കിന്റെ എഡിറ്റര്‍. . ക്യാമറാ‌മാന്‍ അഖിലേട്ടനുമായി അടുത്തതും ഫൊറന്‍സിക്കിന്റെ ലൊക്കേഷനിലായിരുന്നു.  അതിനിടെ രോഹിത്തേട്ടന്‍ കളയുടെ സ്പോട്ട് എഡിറ്ററായി എന്നെ വിളിച്ചു.  ഒടുവില്‍ സിനിമ മുഴുവനായി ഞാന്‍ തന്നെ എഡിറ്റ് ചെയ്തു.

സ്വതന്ത്ര എഡിറ്ററായതുമുതല്‍ മനസിലെത്തിയ പുതിയ ചിന്തകള്‍ എന്തായിരുന്നു?

രോഹിത്തേട്ടന്‍ നല്ല എഡിറ്റിങ് സെന്‍സുള്ള വ്യക്തിയാണ്. അത് എനിക്ക് ഗുണമായിരുന്നു.  എഡിറ്റിങ്ങില്‍ പല പരീക്ഷണങ്ങളും കളയില്‍ ഞാന്‍ ചെയ്തു. വേറെ ആരെങ്കിലുമാണെങ്കില്‍ എന്താടാ ഈ കാണിച്ചുവച്ചതെന്ന് ഉറപ്പായും ചോദിച്ചേനേ. എഡിറ്റിങ്ങില്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്നാണ് ഓരോ സിനിമ പിന്നിടുമ്പോഴുമുള്ള ചിന്ത.   സംവിധായകന്‍ അരുണിന്റെ പിന്തുണയോടെ ജോ ആന്‍ഡ് ജോയിലും പുതിയത് ചിലത് പയറ്റിയിട്ടുണ്ട്.   വെറുതേയിരിക്കുമ്പോഴൊക്കെ എഡിറ്റിങ്ങില്‍ റിസര്‍ച്ച് ചെയ്യും ഒ.ടി.ടിയില്‍ വരുന്ന സിനിമകളും യൂട്യൂബ് വീഡിയോകളുമെല്ലാം സ്ഥിരമായി കാണും. ഡോക്യുമെന്ററികളുടെയും കട്ടഫാന്‍ ആണ്. ഒരു ദിവസം മുഴുവന്‍ ഇരുന്ന് ഡോക്യുമെന്ററികള്‍ കണ്ടിട്ടുണ്ട്.

chaman-chacko-interviw

 

പലര്‍ക്കും അറിയാത്ത ഒന്നാണ് ഷൂട്ടിങ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷനിലേക്ക് എത്തുന്നത് മുതലുള്ള സിനിമയുടെ യാത്ര. അതൊന്ന് വിശദീകരിക്കാമോ?

ഷൂട്ട് കഴിഞ്ഞ്, പാക്കപ്പ് പറഞ്ഞ് സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയാല്‍ എഡിറ്റര്‍ക്കാണ് പ്രധാന ഉത്തരവാദിത്തം. ഷൂട്ട് കഴിഞ്ഞെത്തുന്ന റഷ്  ആദ്യം റഫ് കട്ട് ചെയ്യും. സംവിധായകനും ഒപ്പമിരിക്കും. മുഴവനായി ഇരുന്ന് കണ്ടതിന്ശേഷമായിരിക്കും റഫ് കട്ടിലേക്ക് കടക്കുക. സീനുകള്‍ കുറയ്ക്കണോ കൂട്ടണോ തുടങ്ങി പല തീരുമാനങ്ങളും അവിടെ നോട്ട് ചെയ്യും. റഫ് കട്ട് പൂര്‍ത്തിയാക്കിയശേഷം ഡബ്ബിങ്ങിന് അയക്കും. സംഭാഷണങ്ങള്‍ അടക്കമുള്ള ഡബ് ട്രാക്ക് ലഭിച്ചാല്‍ ഫൈനല്‍ എഡിറ്റിങ്ങ് തുടങ്ങും. സിനിമയുടെ മാറ്റങ്ങള്‍ സംഭവിക്കുന്നത് ഫൈനല്‍ എഡിങിലാണ്. കളിമണ്ണുപയോഗിച്ച് പാത്രങ്ങളുണ്ടാക്കുമ്പോള്‍ അവസാനഘട്ടത്തില്‍ പാത്രത്തിന്റെ രൂപത്തിലേക്ക് മാറില്ലെ. അതുപോലെയാണ് ഫൈനല്‍ എഡിറ്റിങ്. അതുകഴിഞ്ഞ് പുറത്തുവരുന്ന പ്രോഡക്റ്റാണ് സൗണ്ട് മിക്സിങ്ങിനും കളറിങ്ങിനുമെല്ലാം അയച്ചുകൊടുക്കുന്നത്. എല്ലാ ജോലികളും കഴിഞ്ഞ് ഒരിടത്തുനിന്ന് ഓഡിയോ ഔട്ടും മറ്റൊരിടത്തുനിന്ന് വീഡിയോ ഔട്ടും വരും ഒടുവിലാണ് ഫൈനല്‍ മിക്സിങ്. അതും കഴിഞ്ഞ് വീണ്ടും ചില പരിഷ്കാരങ്ങള്‍വരുത്തിയാണ് സിനിമ തിയേറ്ററുകളിലേക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്കുമെല്ലാം എത്തുന്നത്.  ഇതിനിടെയില്‍ ഒരു ഫ്രെയിം നഷ്ടപ്പെട്ടാല്‍പോലും എഡിറ്റര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്തം.

 

എഡിറ്റിങ് ഒരു അദൃശ്യകലയാണെന്ന് പലരും പറയാറുണ്ട്. അതില്‍ വിശ്വസിക്കുന്നുണ്ടോ?

ശരിയാണ് നല്ലൊരു എഡിറ്റര്‍ ഒരു സിനിമയില്‍ കൈ വച്ചാല്‍ അത് എഡിറ്റ് ചെയ്തതായി തോന്നുകയേ ഇല്ല. എന്നാല്‍ ഇതിനെതിരായി ചിന്തിക്കുന്നതവരുമുണ്ട്. ഉദാഹരണത്തിന് മാര്‍ട്ടിന്‍ സ്കോര്‍സിയുടെ എഡിറ്റര്‍ തെല്‍മാ ഷൂണ്‍മാക്കര്‍. പുള്ളിക്കാരിയാണ് ഷട്ടര്‍ ഐസ്‌ലന്റ് എഡിറ്റ് ചെയ്തത്.  ഷൂണ്‍മാക്കറൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എഡിറ്റിങ് എല്ലായിപ്പോഴും അതൃശ്യകലയല്ലെന്ന്. ജംമ്പ് കട്ടിലൂടെയും അബ്രപ്റ്റായും എഡിറ്റ് ചെയ്ത് ചിലപ്പോഴൊക്കെ പ്രേക്ഷകരുടെ മുഖത്തൊരു അടികൊടുക്കും വിധം സീനുകള്‍ ക്രമീകരിക്കാന്‍ തോന്നിയിട്ടുണ്ടെന്ന്.് അതും വാസ്തവമാണ് എനിക്കും തോന്നിയിട്ടുണ്ട്. ചില സിനിമകളിലൊക്കെ അത്തരത്തിലുള്ള എഡിറ്റിങ്ങും അനിവാര്യമായി വരും.

ടെക്നോളജിയില്‍  ഓരോ ദിവസവും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും മനസിലാക്കിയുമാണോ മുന്നോട്ട് പോകുന്നത്?

ടെക്നോളജിയുടെ മാറ്റത്തില്‍ എഡിറ്ററെക്കാറേക്കാള്‍ ഫിലിം മേക്കേര്‍സിനാണ് സാധ്യത വര്‍ധിച്ചത്.  ഒരു സാധാരണ സിനിമയാണെങ്കില്‍  കഥ പിച്ച് ചെയ്തുകഴിഞ്ഞ് ലൊക്കേഷന്‍ തീരുമാനിച്ചാല്‍ നേരെ ഷൂട്ടിലേക്ക് പോകാം. പണ്ടില്ലാത്ത വിധം സംവിധായകര്‍ക്ക് മുന്നിലൊരു മോണിറ്ററുണ്ട്.  ഷൂട്ട് ചെയ്യുന്നതെല്ലാം അതില്‍ കാണാം. സ്പോട്ട് എഡിറ്റിങ് തുടങ്ങിയതില്‍ ഓരോ സീനിലും ഷോട്ടുകള്‍ കുറവാണെങ്കില്‍ അവിടെ വച്ചുതന്നെ പരിഹരിക്കാന്‍ സാധിക്കും, അതും എളുപ്പമായി. പണ്ട് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്ന സമയത്ത് ടേക്ക് എടുക്കുന്നതിനൊക്കെ ഒരു പരിധി ഉണ്ടായിരുന്നു. ഡിജിറ്റല്‍ ക്യാമറകളായതോടെ ചറപറ ഷൂട്ടിങ്ങാണ്.   എഡിറ്റിങ് സോഫ്റ്റ് വെയറില്‍ വരുന്ന പുതുമകളും മാറ്റങ്ങളുമെല്ലാം എഡിറ്റര്‍ക്ക് ജോലി എളുപ്പമാക്കുമെന്നല്ലാതെ സിനിമയെ എത്രത്തോളം സഹായിക്കുമെന്ന് എനിക്ക് അറിയില്ല. അല്‍ഫോണ്‍സ് പുത്രന്‍ സിനിമ എഡിറ്റ് ചെയ്തത് സോണി വേഗസിലാണ് . സാധാരണ സിനിമാ എഡിറ്റിങ്ങിന് കാര്യമായി ഉപയോഗിക്കാത്ത സോഫ്റ്റ് വെയറാണ് സോണി വേഗാസെന്ന് എനിക്ക് തോന്നുന്നു. പക്ഷെ പുള്ളി അത് ഉപയോഗിച്ച് ഗംഭീരമായി പണി പൂര്‍ത്തിയാക്കി.

കണ്ട്യുനിറ്റി മിസ്റ്റേക്കുകള്‍ ചേര്‍ത്ത് വീഡിയോ ഉണ്ടാക്കി  സിനിമകളെ  ട്രോളുന്നത് ഇന്ന് പതിവാണ്. ഇതെല്ലാം എഡിറ്റര്‍ക്കിട്ടുള്ള കൊട്ടാണെന്ന് തോന്നിയിട്ടുണ്ടോ?

ഉണ്ട്. പല കാരണങ്ങള്‍ക്കൊണ്ട് കണ്ടിന്യുറ്റി മിസ്റ്റേക്കുകള്‍ ഉണ്ടാവാം.  പലതും ചെറിയ സമയത്തിന്റെ ഇടവേളകളില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന അശ്രദ്ധയാണ്.  എഡിറ്റിങ്ങില്‍ ചില സീനുകള്‍ ദൈര്‍ഘ്യം കുറയ്ക്കുമ്പോഴും ചെറിയ തെറ്റുകള്‍ സംഭിവിക്കും. അതെല്ലാം മനുഷ്യസഹചമാണ്. ഒരു കണ്ട്യുനിറ്റി മിസ്റ്റേക്കും ഇല്ലാത്ത സിനിമകള്‍ ഉണ്ടാവുമോ?. പിന്നെ ഹോളിവുഡിലൊക്കെ കണ്ട്യുനിറ്റി മിസ്റ്റേക്ക് രണ്ടാമത്തെ വിഷയമാണെന്നാണ്  എനിക്ക് തോന്നുത്. അവിടെ ഒരു സീന്‍ എങ്ങനെ വര്‍ക്കൗട്ടാക്കി എടുക്കാം എന്നാണ് എല്ലാവരും ചിന്തിക്കുക

എതെങ്കിലും ‌ സിനിമകള്‍ കണ്ടിട്ട്  അതി‌ലെ എഡിങ് സ്വന്തം സിനിമയിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

പൂര്‍ണമായി അനുകരിച്ചിട്ടില്ല. എങ്കിലും ചില സിനിമകളൊക്കെ  മനസില്‍ തങ്ങിനിന്നിട്ടുണ്ട്. അതിലുള്ള സീനികള്‍പോലെ ചെറിയരീതിയിലൊക്കെ എഡിറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

മൊത്തത്തില്‍ എല്ലാ വര്‍ക്കുകളിലും എന്തെങ്കിലും പുതുമകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. കാരണം ഇക്കാലത്ത് നല്ല സിനിമ ചെയ്തിട്ടും കാര്യമില്ല. വ്യത്യസ്തമായ നല്ല സിനിമകള്‍ ചെയ്താല്‍ മാത്രമെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുള്ളു.

സിനിമ ഹിറ്റായില്ലെങ്കിലും ട്രെയിലറുകള്‍ ഹിറ്റാവുന്ന കാഴ്ചയാണ് ഇന്ന്.  ചമന്‍ ട്രെയിലര്‍ മേക്കിങ്ങിലും പുലിയാണെന്നാണ് കേട്ടത്..

ട്രെയിലറാണ് ഏറ്റവും പ്രധാനം. പടത്തിന്റെ ഇനിഷ്യല്‍ കലക്ഷന്‍  നിശ്ചയിക്കുന്നതില്‍ പോലും  ടെയിലര്‍ വലിയ പങ്കുവഹിക്കുന്നു. വന്‍ പരീക്ഷണങ്ങളാണ് ട്രെയിലറുകളില്‍ പലരും നടത്തുന്നത്. ക്വീന്‍ എന്ന സിനിമയുടെ ട്രെയില്‍ മാത്രം പ്രത്യേകം ഷൂട്ട് ചെയ്തിരുന്നു . ഒരു സിനിമയുടെ സാധാരണ പ്രമോഷന്‍ പരിപാടികളേക്കാള്‍ പത്തിരിട്ടി പവറാണ് ട്രെയിലറിന്. ജനഗണമനയുടെ ട്രെയിലറൊക്കെയൊന്ന് കണ്ടാല്‍ മതി. ഞാന്‍ ഇതുവരെ ഭാഗമായ സിനിമകളിലെല്ലാം ട്രെയിലര്‍ എഡിറ്റിങ്ങില്‍ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്.

സിനിമയില്‍ എഡിറ്റിങ് എന്ന മേഖലയെ ശ്രദ്ധിച്ചു തുടങ്ങിയത് ഈ അടുത്തകാലത്താണെന്ന് തോന്നിയിട്ടുണ്ടോ?

മുന്‍പത്തേതിനേക്കാള്‍ വ്യത്യസ്തമായി ഈ അടുത്തകാലത്ത്  എഡിറ്റര്‍മാര്‍ക്ക്  പരിഗണനകിട്ടുന്നുണ്ടെന്നാണ് എനിക്ക് തോന്നുത്ത്. അതിന് ഒരു കാരണം. പല  എഡിറ്റര്‍മാരും സംവധായകരായതാണ്.‌  ഉദാഹരണത്തിന് മഹേഷ് നാരായണന്‍, അല്‍ഫോണ്‍സ് പുത്രന്‍, അരുണ്‍കുമാര്‍ അരവിന്ദ്, ഒപ്പം സ്മാര്‍ട്ട് ഫോണ്‍വഴിയടക്കം എഡിറ്റിങ് സാധ്യമായതോടെ കൂടുതല്‍ ആളുകള്‍ ഈ മേഖലയെ അറി‍ഞ്ഞുതുടങ്ങി. നേരത്തെ സിനിമയിലെ പുറത്താരും അറിയാത്ത െടക്നിക്കല്‍ വിഭാഗം മാത്രമായിരുന്നു എഡിറ്റര്‍മാര്‍. ഇതൊക്കെയാണെങ്കിലും ഞാന്‍ അടക്കമുള്ള എഡിറ്റര്‍മാര്‍ അണ്ടര്‍ പേയിഡാണ്.  എഡിറ്റര്‍മാര്‍ മാത്രമല്ല. സിനിമയിലെ പല ടെക്നീഷ്യമാരും അണ്ടര്‍പേയിഡാണ്. പലര്‍ക്കും മുന്‍കൂട്ടി ഉറപ്പുപറയുന്ന പൈസപോലും കിട്ടാതായിട്ടുണ്ട്. അതിന്റെ പിറകെ പോവാന്‍ നിവര്‍ത്തിയില്ല. അതങ്ങനെ കിടക്കും..

ചമനും ഭാവിയില്‍ സിനിമാ സംവിധാനത്തിലേക്ക് കടക്കുമോ?

ചിരിക്കുന്നു..

MORE IN ENTERTAINMENT
SHOW MORE