'കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നെങ്കിൽ നിരൂപകര്‍ കീറിമുറിച്ചേനെ'; തെന്നിന്ത്യൻ വിജയത്തിൽ കരണ്‍ ജോഹര്‍

ഇന്ത്യൻ സിനിമയുടെ തിരക്കഥ തന്നെ മാറ്റി മറിച്ച വർഷമാണ് 2022. ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടി വമ്പൻ വിജയം നേടിയത് മൂന്ന് സിനിമകളാണ്. അത് മൂന്നും തെന്നിന്ത്യൻ സിനിമകളാണ് എന്നതാണ് എടുത്ത് പറയേണ്ട കാര്യം. ബോളിവുഡിന് ഞെട്ടലുണ്ടാക്കിയ കാര്യം തന്നെയാണിത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ത്യയൊട്ടാകെ ഗംഭീര വിജയം സ്വന്തമാക്കുന്നതിനെക്കുറിച്ചും ബോളിവുഡ് ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ തകർന്നടിയുന്നതിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ  കരണ്‍ ജോഹര്‍. 

'കെ‌ജി‌എഫിന്റെ നിരൂപണങ്ങൾ വായിക്കുമ്പോൾ ഞാൻ ചിന്തിച്ചത് ഈ ചിത്രം ഞങ്ങളാണ് നിര്‍മിച്ചതെങ്കില്‍ നിരൂപകര്‍ ഞങ്ങളെ വലിച്ച് കീറിയേനെ. ഒരുപാട് വിമർശനങ്ങൾ ഞങ്ങൾക്ക് നേരെ വന്നേനെ. ഹിന്ദി സിനിമകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരേസമയം വളരെയധികം കാര്യങ്ങള്‍ ചെയ്യാനാണ്. എനിക്ക് ഒരുപാട് ഇഷ്ടമായ സിനിമ കൂടിയാണ് കെജിഎഫ്. ബോളിവുഡിനേക്കാൾ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഉണ്ട്. അവർ അത് ആഘോഷിക്കുന്നു.' ഫിലിം കമ്പാനിയനുമായിട്ടുള്ള അഭിമുഖത്തിൽ കരൺ വ്യക്തമാക്കി. 

ദക്ഷിണേന്ത്യയിലെ സിനിമാ പ്രവർത്തകർ ആസ്വദിക്കുന്ന അതേ സ്വാതന്ത്ര്യം ബോളിവുഡ് നിർമ്മാതാക്കൾ നൽകുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ബോളിവുഡ് സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തിലാണ് കരണിന്റെ പ്രതികരണം.

യഷ് നായകനായ കന്നഡ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2 ആഗോള ബോക്‌സ് ഓഫീസിൽ നിന്നും 1250 കോടിയിലധിക മാണ് കളക്റ്റ് ചെയ്തത്.  435 കോടി ഹിന്ദി പതിപ്പിൽ നിന്ന് മാത്രമാണ് ലഭിച്ചത്. വമ്പൻ പ്രതീക്ഷയോടെ റിലീസ് ചെയ്ത കങ്കണയുടെ ധാക്കഡ്, അക്ഷയ് കുമാര്‍ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് എന്നീ സിനിമകള്‍ക്ക് വൻ പരാജയമാണ് നേരിടേണ്ടി വന്നത്. അതേസമയം കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ ലോകമെമ്പാടും ആയിരം കോടിയിലധികം കളക്ഷന്‍ നേടുകയും ചെയ്തു.