ത്രസിപ്പിച്ച് ഇനി പാടുമോ ബിടിഎസ്?; ഇത് ഇടവേളയോ വേർപിരിയലോ?

ആ ഏഴ് കൊറിയൻ പയ്യൻമാരെ ലോകം കണ്ടും കേട്ടും തുടങ്ങിയിട്ട് ഒൻപതാണ്ടുകൾ പിന്നിട്ടതേയുള്ളൂ. ഇക്കുറി പിറന്നാൾ മധുരത്തിനൊപ്പം വേർപിരിയലിന്റെ കയ്പുനീർ അവർ വച്ചുനീട്ടുമെന്ന് ലോകമെങ്ങുമുള്ള ആരാധകർ സ്വപ്നത്തിൽ പോലും കരുതിയില്ല. അതെ, ഭാഷയ്ക്കും ദേശത്തിനും അപ്പുറം മാസ്മരിക സംഗീതം കൊണ്ട് ലോകത്തെ ത്രസിപ്പിച്ച ആ ദക്ഷിണ കൊറിയൻ ബോയ് ബാൻഡ് ഇനിയില്ല. 

സംഗീതലോകത്ത‌് ഇനി ഏഴു കൈവഴികളാകാൻ അവർ തീരുമാനമെടുത്തുകഴിഞ്ഞു. സംഗീതജീവിതത്തിൽ സ്വതന്ത്ര പാതകൾ തുറക്കാനാണ് താൽക്കാലികമായ ഈ ഇടവേള എന്ന് ടീമംഗങ്ങൾ വെളിപ്പെടുത്തിയെങ്കിലും കോടിക്കണക്കിനുള്ള ബിടിഎസ് ആർമിക്ക് ഈ വാർത്ത ഓർക്കാപ്പുറത്തുള്ള ഞെട്ടലായി. ബാൻഡിലെ അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നാണ് സംഘം ഇപ്പോൾ വിശദമാക്കുന്നത്. ബിടിഎസ് താരം ജെഹോപ് ആണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.സ്വതന്ത്ര സംഗീത ജീവിതത്തിനൊപ്പം ബാൻഡിന്റെ പ്രവർത്തനങ്ങളും മുന്നോട്ടുപോകുമെന്നും കുറച്ചുകാലത്തിനുശേഷം വീണ്ടും സജീവമാകുമെന്നുമൊക്കെ സംഘാംഗങ്ങൾ പറഞ്ഞുവയ്ക്കുന്നുണ്ടെങ്കിലും ഈ ആശ്വാസവാക്കുകൾക്കൊന്നും ആരാധകരെ തൃപ്തിപ്പെടുത്താനാകുന്നില്ല എന്നതാണ് സത്യം. അത്രയ്ക്കുണ്ടാകും ആ കൊറിയൻ കുട്ടിക‍ള്‍ ഹൃദയങ്ങളിലുണ്ടാക്കുന്ന നഷ്ടത്തിന്റെ ആഴം.

ഇത്രമേൽ ആരാധകഹൃദയങ്ങൾ കവരാൻ ഈ ഏഴ് ചെറുപ്പക്കാർക്കും അവരുടെ സംഗീതത്തിനും എന്ത് മാന്ത്രികതയാണുള്ളത് എന്ന് ആരും അതിശയിച്ചുപോകും. അത്ര പെട്ടെന്നായിരുന്നു ബിടിഎസ് എന്ന ചുരുക്കപ്പേര് ലോകത്തിന്റെ ഹരമായി മാറിയത്. 2010ൽ ബിഗ് ഹിറ്റ്സ് മ്യൂസിക് എന്ന എന്റർടെയ്ന്മെന്റ് കമ്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്. തെരുവിൽ നൃത്തം ചെയ്തവര്‍, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർഥികൾ എന്നിവരില്‍ നിന്നെല്ലാം ഓഡിഷൻ വഴി സംഘം തികഞ്ഞു. 2013ൽ ‘2 kool 4 skool’ എന്ന ആൽബത്തിലെ ‘No more dream’ എന്ന പാട്ടുമായി ആദ്യമായെത്തിയ ബാൻഡ് പിന്നെ ആസ്വാദകമനസ്സുകളിൽ സ്ഥാനം ഉറപ്പിച്ചു. ആരംഭകാലത്ത് ചെറുതല്ലാത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ബിടിഎസ് ഇന്ന് കാണുന്ന വിജയത്തിന്റെ കൊടുമുടികളത്രയും ഓടിക്കയറിയെത്തിയത്. തഴയപ്പെടലുകളും തരംതാഴ്ത്തലുകളും ഏറെയുണ്ടായി, എന്നാൽ മുഖം തിരിച്ചവരെയൊക്കെ പാട്ടിലൂടെ പാട്ടിലാക്കാൻ കഴിഞ്ഞിടത്തുനിന്ന് ബിടിഎസ്സിന്റെ അശ്വമേധം തുടങ്ങുകയായിരുന്നു. 

കോവിഡ് മഹാമാരി ലോകത്തെ തടവിലാക്കിയപ്പോഴും ആശ്വാസമായിരുന്നു ആ കൊറിയൻ പാട്ടുകൾ. അർഥമോ ഭാവമോ അറിയാതെ ലോകം അവയെല്ലാം ചുണ്ടോട് ചേർത്തപ്പോൾ ലോക് ഡൗൺ കാലത്തെ ‘Dynamite’ എന്ന ആൽബവും റെക്കോർഡുകളുടെ വരമ്പുകൾ തകർത്തു. കൗമാരക്കാർക്കും യുവാക്കൾക്കും തുടക്കകാലം മുതൽ  ബിടിഎസ് ഒരു ഉൻമാദമോ വികാരമോ ആണെങ്കിൽ മുതിർന്നവരും ആ കൊറിയൻ പയ്യൻമാരെ സ്നേഹിച്ചുതുടങ്ങിയതും കൂടുതലും ഈ മഹാമാരിക്കാലത്തുതന്നെ.

കൊറിയൻ തെരുവുകളിൽ നിന്നും കഠിനാധ്വാനത്തിലൂടെ  നേട്ടങ്ങളുടെ കൊട്ടാരത്തിലേക്ക് ചേക്കേറിയ ആ പയ്യൻമാർ സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചായിരുന്നു ഇത്രയും നാൾ. സംഗീതലോകത്ത് ഇത്തരം വഴിപിരിയലുകൾ ആദ്യത്തേതല്ല. ദ് ബീറ്റിൽസ്, വൺ ഡയറക്ശൻ, പിങ്ക് ഫ്ലോയ്ഡ്, സ്പൈസ് ഗേൾസ്... അങ്ങനെയെങ്ങനെ സംഗീതം കൊണ്ട് ത്രസിപ്പിച്ച് പല വഴ പിരിഞ്ഞുപോയവരുടെ പട്ടിക നീളുന്നു. എന്നാൽ ഒന്നിച്ചുനിൽക്കുമ്പോഴുള്ള സ്വീകാര്യത ഒറ്റക്ക് നേടാൻ പലർക്കും ആയില്ല എന്നും ചരിത്രം ഓർമിപ്പിക്കുന്നു. ഈ വഴിപിരിയൽ താൽക്കാലികമായാൽ തന്നെയും അത് സംഗീതലോകത്തെ മാത്രമല്ല ഫാഷൻ ലോകത്തെയും ഉലയ്ക്കാതിരിക്കില്ല എന്ന് ഉറപ്പ്. വസ്ത്രങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിലെല്ലാം ഈ ഇടവേള എങ്ങനെ അലയൊലികൾ ഉണ്ടാക്കും എന്നും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. 

ഏതായാലും ഗ്രാമി എന്ന ആ വലിയ സ്വപ്നം അടക്കം ലക്ഷ്യങ്ങൾ പലതും പാതിയിൽ നിർത്തി, മടങ്ങി വരുമോയെന്നുപോലും ഉറപ്പില്ലാതെ ബിടിഎസ് ഇടവേള പറയുമ്പോൾ ലോകമെങ്ങുമുള്ള ആരാധകർ സഹോദരൻ എന്നർഥം വരുന്ന ഒപ്പ എന്ന കൊറിയൻ സംബോധനയുമായി പ്രിയപ്പെട്ട ടീമിന് കത്തുകൾ എഴുതിക്കൊണ്ടിരിക്കുകയാണ്, ഹൃദയത്തിലേറ്റിയ ആ ഒപ്പമാർ തിരികെ വരുന്നതും കാത്ത്.