ബിടിഎസ് സൈനിക സേവനത്തിലേക്ക്; ആദ്യം ജിൻ; പിന്നാലെ ബാക്കിയുള്ളവരും

പ്രമുഖ കെ–പോപ് ബാൻഡ് ആയ ബിടിഎസ് അംഗങ്ങൾ സൈനിക സേവനത്തിലേക്ക്. ബാൻഡിലെ ഏറ്റവും മുതിർന്ന അംഗമായ ജിൻ ഈ മാസം തന്നെ പ്രവേശന നടപടികളാരംഭിക്കും. ബാൻഡിലെ മറ്റംഗങ്ങളും ഇതേ കാലയളവിൽ തന്നെ സൈനിക ഉത്തരവാദിത്തം നിറവേറ്റാനാണ് തീരുമാനം. ബിടിഎസിനെ നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കുമോയെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകരടക്കം. എന്നാൽ അത് സാധ്യമല്ലെന്ന് വ്യക്തമായതോടെ എല്ലാം അംഗങ്ങളും ഒരേ സമയം സൈനികസേവനത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചു. 

ഡിസംബറിൽ 30 വയസ്സ് തികയുന്ന ജിൻ ഉൾപ്പെടെയുള്ളവർക്ക് ബിടിഎസ് ബാൻഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തിൽ നിന്ന് ഇളവു നൽകണമെന്ന് ദക്ഷിണ കൊറിയയിൽ ആവശ്യമുയർ‌ന്നെങ്കിലും പാർലമെന്റ് അംഗീകരിച്ചില്ല. സൈനിക സേവന കാലാവധി പൂർത്തിയാക്കിയ ശേഷം 2025 ൽ മടങ്ങിയെത്തി ബാൻഡ് പുനരുജ്ജീവിപ്പിക്കുമെന്ന് ബിടിഎസിന്റെ മാനേജ്മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു.