രാത്രി 2 മണിക്ക് 26 പുഷ് അപ്പ്; 67 വയസുള്ള അദ്ദേഹം ശരിക്കും ഞെട്ടിച്ചു': ലോകേഷ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉലകനായകൻ കമൽഹാസന്‍ ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എന്നതിനപ്പുറം ഫാൻ ബോയ് ആയ സംവിധായകൻ ഒരുക്കിവച്ചിരിക്കുന്ന ദൃശ്യ വിസ്മയം കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം. കമൽഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. സൂര്യ ഗസ്റ്റ് റോളിലും. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം  ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ ലോകേഷ് കനകരാജ് കമല്‍ഹാസനെപ്പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

വിക്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് നടക്കുമ്പോള്‍ രാത്രി 2 മണിക്ക് 26 പുഷ് അപ്പ് കമല്‍ഹാസന്‍ എടുത്തു എന്നാണ് ലോകേഷ് പറയുന്നത്. 67 വയസുള്ള അദ്ദേഹം ഇത്രയും പുഷ് അപ്പ് ഒരുമിച്ച് എടുത്തത് ശരിക്കും ഞെട്ടിച്ചു എന്നും ലോകേഷ് പറയുന്നു. ലോകേഷിന്റെ വാക്കുകള്‍ നിറഞ്ഞ കയ്യടികളോടെയാണ് വേദി ഏറ്റെടുക്കുന്നത്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്