മൂന്നാഴ്ച കൊണ്ട് ഹിന്ദിയില്‍ ഒരുകോടി കടന്ന് ഒടിയൻ; വാഴ്ത്തി കമന്റ് ബോക്സ്; കുറിപ്പ്

ഒടിയൻ ഹിന്ദി പതിപ്പ് ഒരു കോടി ആളുകളിലെത്തിയ സന്തോഷം പങ്കുവച്ച് സംവിധായകൻ വി.എ. ശ്രീകുമാർ. മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. ആർആര്‍ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ.’–ശ്രീകുമാർ പറഞ്ഞു.

വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിർവഹിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ഭൂമുഖത്ത് ശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്.പ്രകാശ് രാജ്, മഞ്ജു വാരിയർ, നരേൻ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റർ ഹെയ്നാണ് ആക്‌ഷൻ കൊറിയോഗ്രഫി.