മോഹന്‍ലാലിന് പിറന്നാള്‍; ആശംസ നേര്‍ന്ന് താരങ്ങളും ആരാധകരും

മലയാളത്തിന്‍റെ പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരും. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടിയും സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും  ആശംസകള്‍ അറിയിച്ചു. ദീര്‍ഘായുസ്സായിരിക്കട്ടെ ലാലേട്ടാ എന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 

ജോണി ആന്‍റണി, മഞ്ജു വാരിയര്‍, ജയസൂര്യ, സണ്ണി വെയ്ന്‍, തുടങ്ങിയവരും സമൂഹ മാധ്യമങ്ങളില്‍ ചിത്രം പങ്കുവച്ച് ആശംസകള്‍ നേര്‍ന്നു. ബ്രോ ഡാഡിയിലെ പാട്ടുമായിട്ടായിരുന്നു പൃഥ്വിയുടെ ആശംസ. ‘35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദരനിർവിശേഷമായ സ്നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേർത്തുപിടിക്കുമ്പോൾ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ’ എന്ന് ഷിബു ബേബി ജോണും സമൂഹ മാധ്യമത്തില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം ഒടിടിയില്‍ റിലീസായ 'ട്വല്‍ത് മാന്‍' മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നേടുന്നത്. സ്വയം സംവിധാനം ചെയ്യുന്ന ബറോസിന്‍റെ തിരക്കുകളിലാണ് താരം.