‘റോക്കി ഭായി’യെ പ്രൈമിൽ കാണാം; പക്ഷെ പ്രത്യേക വാടക കൊടുക്കണം

സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫ് ചാപ്റ്റർ 2 ഇനി മുതല്‍  ആമസോൺ പ്രൈമിൽ കാണാം. ഓൺലൈൻ ഡിജിറ്റൽ റിലീസിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് നേരത്തേ തന്നെ കെജിഎഫ് 2 കാണാനുള്ള സൗകര്യമാണ് പ്രൈം ഒരുക്കുന്നത്. പ്രൈം വരിക്കാർക്കും ഇതുവരെ പ്രൈം അംഗമല്ലാത്തവർക്കും 199 രൂപയ്ക്ക് കെജിഎഫ് ചാപ്റ്റർ 2 വാടകയ്‌ക്ക് ലഭ്യമാകും. ഈ 199 രൂപയ്ക്ക് ഈ സിനിമ മാത്രമേ കാണാനാകൂ. കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ 5 ഭാഷകളിലാണ് സിനിമയുടെ എച്ച്ഡി പതിപ്പുകൾ ലഭിക്കുക. സിനിമകൾ വാടകയ്‌ക്ക് എടുക്കുന്ന ഉപഭോക്താക്കൾക്ക് 30 ദിവസത്തെ സമയമാണ് ലഭിക്കുക. വാടകയ്‌ക്കെടുക്കുന്ന തീയതി മുതൽ ആ സിനിമ കാണാം. പ്ലേബാക്ക് ആരംഭിച്ചുകഴിഞ്ഞാൽ പൂർത്തിയാക്കാൻ 48 മണിക്കൂർ ലഭിക്കുകയും ചെയ്യും.

2018-ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിന്റെ തുടർച്ചയാണ് കെജിഎഫ് ചാപ്റ്റർ 2. റോക്കിയായി എത്തുന്ന യഷ് തന്നെയാണ് സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, അർച്ചന ജോയിസ്, അനന്ത് നാഗ്, രാമചന്ദ്ര രാജു, പ്രകാശ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 നിർമിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ ആണ്. ചിത്രം ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു