25 വർഷത്തെ സൗഹൃദം; വിനായകനെ ചേർത്തു പിടിച്ച് ടിനി ടോം

സിനിമ മേഖലയിലെ താരങ്ങളുടെ സൗഹൃദം എന്നും വാർത്തകളിൽ നിറയാറുണ്ട്. ഒന്നിച്ചുള്ള സിനിമകളെ പറ്റിയും സൗഹൃദത്തെ പറ്റിയും പലപ്പോഴും താരങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത് വലിയ രീതിയിൽ ആരാധകരുടെ ഭാഗത്ത് നിന്ന് സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോളിതാ വിനായകനുമായുള്ള സൗഹൃദത്തെ പറ്റി ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരിക്കുകയാണ് ടിനി ടോം. കോളജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫെയ്സ്ബുക്കിൽ കുറിച്ചു. വിനായകനൊപ്പമുള്ള ചിത്രവും ടിനി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു. ഈ വിഷയവും കമന്റുകളുമായി വരുന്നുണ്ട്. നേരത്തെ വിഷയത്തിൽ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിനായകൻ ക്ഷമാപണം നടത്തിയിരുന്നു.