'ഫാന്‍സിനെ നിരോധിക്കണം' അവർ വിചാരിച്ചാൽ ഒരു സിനിമയും നന്നാവാൻ പോണില്ല: വിനായകന്‍

നവ്യനായരും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരുത്തീ. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സിനിമാനടന്‍മാരുടെ ഫാന്‍സിനെ കുറിച്ചും, ഫാനിസം സംസ്‌കാരത്തെ കുറിച്ചും തുറന്നു പറയുകയാണ് നടന്‍ വിനായകന്‍. ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ലെന്ന് വിനായകൻ പറയുന്നു.

"ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. ഒരു ഉദാഹരണം ഞാന്‍ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം, പടം ഇറങ്ങി ഒരു നാല് മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാന്‍ അന്വേഷിച്ച് ചെന്നപ്പോള്‍, പടം തുടങ്ങിയത് 12.30 മണിക്കാണ്, ഒന്നരയ്ക്ക് ഇന്റര്‍വെല്ലായപ്പോള്‍ ആള്‍ക്കാര്‍ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ പറഞ്ഞ് ഒന്നരക്കോടി. ഇവിടുത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറിന്റെ പടമാണ്, ഒരു പൊട്ടനും ആ പടം കാണാന്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ ഇവര്‍ വിചാരിച്ചതു പോലെ ഈ പരിപാടി നടക്കില്ല. ഞാന്‍ വീണ്ടും പറയാം, ഈ ഫാന്‍സ് വിചാരിച്ചതുകൊണ്ട് ഒരു സിനിമയും നന്നാവാനും പോണില്ല ഒരു സിനിമയും മോശമാവാനും പോണില്ല "  വിനായകൻ പറയുന്നു

ഫാന്‍സ് ഷോ നിരോധിക്കണമെന്ന തിയറ്റര്‍ ഉടമകളുടെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഫാന്‍സിനെ നിരോധിക്കണം’ എന്നായിരുന്നു വിനായകന്റെ മറുപടി. വിനായകന്റെ  പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.