‘ട്രെയിലറിൽ കണ്ടതൊന്നുമല്ല പടം; കെജിഎഫ് 2 അതുക്കും മേലെ’: പൃഥ്വി

ട്രെയിലറില്‍ കണ്ടതൊന്നുമല്ല, അതിലും വലുതാണ് ‘കെജിഎഫ്’ രണ്ടാം ഭാഗമെന്ന് പൃഥ്വിരാജ് സുകുമാരൻ. ബെംഗളൂരുരിൽ വച്ച് നടന്ന കെജിഎഫ് 2 ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെജിഎഫ് 2 കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് ആണ്.

പൃഥ്വിരാജിന്റെ വാക്കുകൾ: എനിക്ക് ഇത്രയും വലിയൊരു ആമുഖം നൽകിയതിന് കരണിനോട് (കരൺ ജോഹർ) ആദ്യം നന്ദി പറയുന്നു. കേരളത്തിൽ കെജിഎഫ് പോലൊരു സിനിമ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതിനും നന്ദി പറയണം. വമ്പൻ മുഖ്യധാരാ സിനിമ എങ്ങനെയായിരിക്കണമെന്ന് നമ്മുടെ രാജ്യത്തുടനീളമുള്ള കെജിഎഫ് സിനിമാപ്രേമികൾ നമ്മെ കാണിച്ചുതരികയാണ്. മലയാളം, തമിഴ്, തെലുങ്ക് പോലെയുള്ള പ്രാദേശിക സിനിമാ ഇൻഡസ്ട്രികളിൽ പ്രേക്ഷകരുടെ എണ്ണം വച്ച് നോക്കുമ്പോൾ മലയാളമാണ് ഏറ്റവും ചെറിയ ഇൻഡസ്ട്രി. കെജിഎഫും ബാഹുബലിയും വെറും സിനിമ മാത്രമല്ല. ബാഹുബലി ഒന്നും രണ്ടും നമ്മെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചുവെങ്കിൽ കെജിഎഫ് ഒന്നും രണ്ടും നമ്മെ ആ സ്വപ്നത്തിൽ വിശ്വസിക്കാൻ കൂടി പ്രേരിപ്പിക്കുന്നു.

പ്രശാന്തും ഹോംബാലെയും നേടിയെടുത്ത വിജയത്തിന്റെ യഥാർഥ വ്യാപ്തി മനസ്സിലാകണമെങ്കിൽ പത്തു പതിനഞ്ചു വർഷം കൂടി കാത്തിരിക്കേണ്ടിവരും. സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ച് പ്രശാന്തിനോടും ഹോംബാലേയോടും പലതവണ സംസാരിക്കാൻ എനിക്ക് ഭാഗ്യം സാധിച്ചിട്ടുണ്ട്. കെജിഎഫ് ഒന്നും രണ്ടും വലിയൊരു യാത്രയുടെ ഒരു മികച്ച തുടക്കം മാത്രമാണെന്ന് ഞാൻ വീണ്ടും പറയുന്നു.

ഭാവിയിൽ നമ്മുടെ രാജ്യത്തെ എല്ലാ പ്രാദേശിക സിനിമാ വ്യവസായങ്ങളും ഒരു കുടക്കീഴിൽ അണിനിരന്ന് നമ്മൾ ആഗ്രഹിക്കുന്നതുപോലെ ഒരു വലിയ ഇൻഡസ്ട്രിയായി മാറുകയാണെങ്കിൽ രാജമൗലിയും പ്രശാന്ത് നീലും രണ്ട് വ്യത്യസ്ത അധ്യായങ്ങളായിരിക്കുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. റോക്കി ഭായ്‌യ്ക്ക് വയലൻസ് ഇഷ്ടമല്ലായിരിക്കും, പക്ഷേ അദ്ദേഹം അത് വളരെ രസകരമായി ചെയ്യാറുണ്ട്. ഏപ്രിൽ 14-ന് സ്‌ക്രീനിൽ അദ്ദേഹത്തിന്റെ പെർഫോമൻസ് കാണാൻ ഞാനും കാത്തിരിക്കുകയാണ്. ട്രെയിലറിൽ ഇല്ലാത്ത ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഉള്ള ഒരു ഷോ റീൽ ഞാൻ കണ്ടിരുന്നു, ട്രെയിലറിൽ കണ്ടതൊന്നുമല്ല ഈ സിനിമ എന്ന് നിങ്ങൾ അറിയുക. ഞാനും വളരെ വളരെ ആവേശത്തിലാണ്.

തങ്ങൾ നിർമിക്കുന്ന ചിത്രത്തെക്കുറിച്ച് ഏറെ ബോധ്യമുള്ള വളരെ കഴിവുള്ള ഒരു കൂട്ടം ആളുകൾ അവരുടെ ഒരു ഒരു പാഷൻ പ്രോജക്റ്റ് ചെയ്യുമ്പോൾ അത് മലയാളത്തിൽ അവതരിപ്പിക്കാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്. ഇങ്ങനെ ഒരു ഓഫർ നിങ്ങൾ വച്ചുനീട്ടുമ്പോൾ പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടു പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ഈ ചുമതല അഭിമാനപുരസ്സരം ഏറ്റെടുക്കുകയാണ്.

ഞാൻ ഓർക്കുന്നു, കെജിഎഫുമായി ഒരു ബന്ധവുമില്ലാതിരുന്ന സമയത്ത് വർഷങ്ങൾക്ക് മുമ്പ് യഷിനെ ഒരു ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ ഞാൻ പറഞ്ഞത്, ‘രാജ്യം മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന വിധത്തിൽ നമുക്ക് കെജിഎഫ് ടു ഒരുക്കണം’ എന്നാണ്. ‘അതെ, സമയം വരുമ്പോൾ നമുക്കത് ചെയ്യാം’ എന്നാണു അദ്ദേഹം അന്ന് പറഞ്ഞത്.

കരൺ ആതിഥേയത്വം വഹിക്കുന്ന, സൂപ്പർ സ്റ്റാറുകൾ തിങ്ങിനിറഞ്ഞ ഈ പരിപാടിയിൽ വച്ച് രാജ്യം മുഴുവൻ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ് നടക്കുന്ന ഈ സായാഹ്നത്തിൽ നിങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഒരു അഭിനേതാവ്, ഒരു ചലച്ചിത്ര നിർമാതാവ് എന്നതിലുപരി, ഒരു സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ ആവേശഭരിതനാണ്. ഏപ്രിൽ 14 നായി ഞാനും കാത്തിരിക്കുന്നു. കെജി എഫ് ടു എന്ന ദൃശ്യവിസ്മയം ഒരുക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.