ലംബോർഗിനിക്ക് ശേഷം ബെൻസ് എസ്‌‍‌യുവി സ്വന്തമാക്കി പൃഥ്വിരാജ്; വിഡിയോ

ലംബോർഗിനി ഉറുസിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ എസ്‍യുവി സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജി 63 എഎംജിയാണ് പൃഥ്വിരാജ് ഗാരിജിലെത്തിച്ച ഏറ്റവും പുതിയ വാഹനം. എമറാള്‍ഡ് മെറ്റാലിക് ഗ്രീന്‍ നിറമുള്ള എസ്‍യുവി പ്രീമിയം സെക്കൻഡ് ഹാൻഡ് വാഹന വിതരണക്കാരായ റോയൽ ഡ്രൈവിൽ നിന്നാണ് വാങ്ങിയത്.

ലംബോർഗിനി ഉറുസും റോയൽ ഡ്രൈവിൽ നിന്നായിരുന്നു പൃഥ്വിരാജ് വാങ്ങിയത്. ഓൺറോഡ് വില ഏകദേശം 4 കോടി രൂപ വില വരുന്ന വാഹനം ബെൻസിന്റെ ഏറ്റവും കരുത്തുറ്റ എസ്‍യുവികളിലൊന്നാണ്. ജി 63 എഎംജി എന്ന ജി വാഗണ്‍ 2021 ജനുവരിയിൽ റജിസ്റ്റർ ചെയ്ത വാഹനമാണ്. 

നാലു ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.5 സെക്കന്റുകൾ മാത്രം മതി. ‌‌റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, മിനി കൂപ്പർ, ബിഎംഡബ്ല്യു 7 സീരിസ് തുടങ്ങിയ നിരവധി കാറുകൾ പൃഥ്വിരാജിന് സ്വന്തമായുണ്ട്.