‘ആർആർആർ’ രണ്ടാം പകുതി കാണിച്ചില്ല; തിയറ്ററിൽ വൻഅബദ്ധം; ഒടുവിൽ

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഹൗസ് ഫുൾ ഷോയുമായി പ്രദർശനം തുടരുന്ന ചിത്രം ബോക്സ്ഓഫിസിലും കോടികളാണ് വാരുന്നത്. ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 248 കോടിയാണ്. പല തിയറ്ററുകളിലും ടിക്കറ്റുകൾ ലഭിക്കാനില്ലാതെ ആരാധകർ  തിരികെ പോവുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യപകുതി പ്രദര്‍ശിപ്പിച്ചതിന് ശേഷം രണ്ടാം പകുതി കാണിക്കാതിരുന്ന തിയറ്ററിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്ര. 

യുഎസിലെ സിനിമാര്‍ക്ക് തിയറ്ററിലാണ് സംഭവം. ചിത്രത്തിന്റെ ആദ്യപകുതി പ്രദര്‍ശിപ്പിച്ചതിന് ശേഷം രണ്ടാം പകുതി കാണിച്ചില്ലെന്ന് അനുപമ ട്വീറ്റ് ചെയ്യുന്നു. ആദ്യ പകുതിയ്ക്ക് ശേഷം ആർആർആറിന്റെ രണ്ടാം ഭാഗം കാണിച്ചില്ല. കാരണം മാനേജരോട് ചോദിച്ചപ്പോള്‍ സിനിമ ഇനിയും ബാക്കിയുണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. അനുപമ ചോപ്ര ട്വീറ്റ് ചെയ്തു.