ഒരു ടിക്കറ്റിന് 2100 രൂപ; ടിക്കറ്റ് വിലയിലും ഞെട്ടിച്ച് 'ആർആർആർ'

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. പ്രീബുക്കിങിനോട് അനുബന്ധിച്ച് റെക്കോഡ് വേഗത്തിൽ ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു. എന്നാൽ ഇപ്പോൾ ചർച്ച ചിത്രത്തിന്റെ ടിക്കറ്റ് വിലയാണ്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് ഘട്ടില്‍ ആർആർആറിന്റെ 3ഡി പ്ലാറ്റിന ടിക്കറ്റിന് 1900 രൂപയും 3ഡി പ്ലാറ്റിന സുപ്പീരിയർ ടിക്കറ്റിന് 2100 രൂപയുമാണ് വില. മുംബൈയിലെ പിവിആറിലും, ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാളിലും ആർആർആറിന്റെ ടിക്കറ്റുകൾക്ക് സമാനമായ വിലയാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലങ്കാനയിലും, ആന്ധ്രാപ്രദേശിലും ടിക്കറ്റുകൾ ലഭിക്കാനാവാതെ ആരാധകർ നിരാശയിലാണ്.

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.