പ്രചാരണം തെറ്റ്; ഹൃദയം നാളെ തന്നെ; മാനദണ്ഡങ്ങൾ പാലിച്ച് വരൂ..; വിനീത്

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ നാളെ തന്നെ റിലീസ് ചെയ്യും. ഇക്കാര്യം വിശദീകരിച്ച് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു. ‘സൺ‌ഡേ ലോക്ക്ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം.’ അദ്ദേഹം കുറിച്ചു.

പ്രണയവും കോളജ് കാലഘട്ടങ്ങളുമൊക്കെയായി പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന കളർഫുൾ എന്റർടെയ്നറാകും ഈ ചിത്രമെന്ന് ട്രെയിലർ ഉറപ്പുതരുന്നു. കല്യാണി പ്രിയദർശനം ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ചിത്രം ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്.

ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’.