ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല; ‘ഹൃദയം’ തുറന്ന് വിനീത് ശ്രീനിവാസൻ

‘ഹൃദയം’ റിലീസിനു മുൻപ് ഹൃദയം തുറന്ന് പ്രാർഥനയുമായി വിനീത് ശ്രീനിവാസൻ. തിരക്കുകൾക്കിടയിൽ കിട്ടിയ ഇടവേളയിൽ കുടുംബസമേതം തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ കാഞ്ചി കൈലാസ നാഥർ ക്ഷേത്രം സന്ദർശിക്കാനെത്തിയിരിക്കുകയാണ് താരം. വിശ്വാസപരമായി ഏറെ പ്രത്യേകതകളുള്ള ക്ഷേത്രം കൂടിയാണിവിടം. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ പുനര്‍ജന്മമില്ല എന്ന് വിശ്വസിക്കുന്നു. ക്ഷേത്രത്തിന് വലംവയ്ക്കുന്നതിലും പ്രത്യേകതകളുണ്ട്. ഇവിടുത്തെ ശിവലിംഗത്തിന്റെ വലത് ഭാഗത്തുള്ള ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്.

പുറത്തേക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്. അകത്തേക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു.