കാവലിന് വന്നത് 9 അക്ക ഒടിടി ഓഫർ; ഞാൻ മാത്രം നന്നായാൽ പോരല്ലോ: അഭിമുഖം

joby-george
SHARE

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് തീയറ്റർ ഉടമകൾ. തീയറ്ററുകൾക്ക് പുതിയ ഉണർവേകാനായി ആദ്യം എത്തുന്നത് ദുൽഖർ സൽമാന്റെ 'കുറുപ്പ്' ആണ്. തൊട്ടുപിന്നാലെ സുരേഷ്ഗോപി നായകനാകുന്ന കാവൽ തീയറ്ററുകളിൽ എത്തും. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ്ഗോപി നായകനാകുന്ന ചിത്രമാണിത്. സുരേഷ്ഗോപി–രൺജിപണിക്കർ കൂട്ടുകെട്ടിൽ എത്തിയ ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. രണ്ടാംവരവിൽ കാവൽ എന്ന മുഴുനീള സുരേഷ്ഗോപി ചിത്രമെത്തുന്നത് നിഥിൻ രൺജിപണിക്കരുടെ സംവിധാനത്തിലാണ്. രൺജിപണിക്കർക്കൊപ്പം ആവർത്തിച്ച വിജയം നിഥിനൊപ്പവും ഉണ്ടാകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇങ്ങനെ ഏറെ പ്രത്യേകതകളുള്ള ചിത്രം നിർമിച്ചിരിക്കുന്നത് ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ ജോബി ജോർജ്ജാണ്. ചിത്രം തീയറ്ററിലേക്ക് എത്തുമ്പോൾ മനോരമന്യൂസ് ഡോട്ട്കോമുമായി പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് ജോബി ജോർജ്.

എല്ലാവരും ഒടിടി തിരഞ്ഞെടുക്കുന്ന കാലത്ത് എന്തുകൊണ്ടാണ് അത്തരമൊരു ആലോചനയക്ക് പോലും മുതിരാതെയിരുന്നത്?

അതിന് ഒരു കാരണമേയുള്ളൂ, ഗുഡ്‌വിൽ എന്ന കമ്പനി വളർന്നത് തീയറ്ററുകളുടെയും സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരുടെയും ബലത്തിലാണ്. എനിക്ക് സഹനിർമാതാക്കൾ ഒന്നുമില്ല. ആരോടും ചോദിക്കേണ്ട ആവശ്യമില്ല. തീയറ്ററുകൾ പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് ഞാൻ മാത്രം കാശുണ്ടാക്കുന്നത് ശരിയല്ല. തീയറ്റർ വ്യവസായത്തെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് പേരുണ്ട് ഈ നാട്ടിൽ. പോസ്റ്റർ ഒട്ടിക്കുന്നർ, ഫ്ലക്സ് നിർമിക്കുന്നവർ അങ്ങനെ ഒരുപാട് പേരുടെ അന്നമാണ് സിനിമ. അത് മുടക്കിയിട്ട് ഞാൻ മാത്രം നന്നാകുന്നത് ശരിയല്ല എന്ന് തോന്നി. 

കാവൽ പോലെയൊരു സിനിമയ്ക്ക് ലാഭകരം ഒടിടിയായിരുന്നില്ലേ?

എനിക്ക് ഒടിടിയിൽ നിന്നും വൻഓഫർ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവർ കാവലിന് തരാമെന്ന് പറഞ്ഞത്. അത് എത്രയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ല. എനിക്ക് പക്ഷെ ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ എനിക്ക് തിരിച്ച് കിട്ടും. എനിക്ക് അത് മതി. ആർത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഓസ്ട്രേലിയിൽ പൗരത്വം കൂടിയുണ്ട്. അവിടെ ഒരിക്കൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോൾ ഗവൺമെന്റ് എല്ലാവരുടെയും അക്കൗണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതുപയോഗിച്ച് ജീവനോപാധി കണ്ടെത്താൻ. നമ്മുടെ നാട്ടിലും ഇപ്പോൾ വേണ്ടത് അത്തരമൊരു സംവിധാനമാണ്. പണം ഒരാളുടെ കയ്യിൽ മാത്രം ഇരുന്നാൽ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 

തീയറ്ററിലേക്ക് ജനം വരുമെന്ന പ്രതീക്ഷയുണ്ടോ?

തീർച്ചയായും ഉണ്ട്. കാരണം ഇനിയുള്ള കാലം നമ്മൾ കോവിഡിനൊപ്പമാണ് ജീവിക്കേണ്ടത്. എത്രകാലം ഇങ്ങനെ വീടിനുള്ളിൽ അടച്ചുപൂട്ടിയിരിക്കും. അത് ഒരിക്കലും സാധ്യമായ കാര്യമല്ല. കാവൽ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഇതൊരു കുടുംബചിത്രമാണെന്നാണ്. ഉറപ്പായും പ്രേക്ഷകർ വരുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. 

സുരേഷ്ഗോപിയുടെ ആരാധകരെ എത്രമാത്രം ചിത്രം തൃപ്തിപ്പെടുത്തും?

ആരാധകർ കാണാൻ ആഗ്രഹിക്കുന്ന പഴയ ഓജസും തേജസുമുള്ള സുരേഷ് ഗോപിയെ തന്നെയായിരിക്കും കാവലിൽ കാണാൻ സാധിക്കുന്നത്. മാസ് ഡയലോഗുകൾ പറയുന്ന കണ്ണിൽ കനലുകളുള്ള ആരോഗ്യവാനായ സുരേഷ് ഗോപിയെ കാണാനുള്ള അവസരം കൂടിയാണ് കാവൽ.

നിഥിൻ രൺജിപണിക്കരെക്കുറിച്ച്?

ഗുഡ്‌വിൽ എന്റർടെയ്ൻമെന്റിസിനൊപ്പം നിഥിന്റെ രണ്ടാമത്തെ ചിത്രമാണ് കാവൽ. ആദ്യത്തേത് കസബയായിരുന്നു. രൺജി പണിക്കർ എന്ന ഫയർബ്രാൻഡ് തിരക്കഥാകൃത്തിന്റെ എല്ലാ കഴിവുകളും അതേപോലെ കിട്ടിയ മകനാണ് നിഥിനും. നിഥിൻ തന്നെയാണ് ഇതിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. രൺജിപണിക്കർ–സുരേഷ്ഗോപി കൂട്ടുകെട്ടിലുണ്ടായ വിജയത്തിന്റെ ആവർത്തനം നിഥിൻ രൺജിപണിക്കർ–സുരേഷ്ഗോപി കൂട്ടുകെട്ടിലും ഉണ്ടാകും. 

മകന്റെ സിനിമയിൽ അച്ഛൻ അഭിനിയിക്കുന്നുവെന്ന പ്രത്യേകതയും കാവലിനുണ്ടല്ലോ?

രൺജി പണിക്കരും ഈ സിനിമയിൽ പ്രമുഖ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സംവിധായകനെന്ന നിലയ്ക്ക് അച്ഛന്റെ ആക്ടിങ്ങ് ബ്രില്ല്യൻസ് നല്ലതുപോലെ ഉപയോഗിക്കാൻ നിഥിനായി എന്നുതന്നെയാണ് എന്റെ വിശ്വാസം. സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും അത് മനസിലാകും. 

MORE IN ENTERTAINMENT
SHOW MORE