ദാദാസാഹേബ് ഫാൽക്കെ പുരസ്ക്കാരം രജനികാന്തിന് സമ്മാനിച്ചു

67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.  മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍  സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം  ആണ് മികച്ച ചിത്രം. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉപരാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഇതടക്കം 11 പുരസ്കാരങ്ങളാണ് കേരളത്തിന് ലഭിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് ദാദാസാഹേബ് ഫാൽക്കെ പുരസ്ക്കാരം രജിനികാന്തിന് സമ്മാനിച്ചു. 

ഗുരു കെ ബാലചന്ദ്രന് പുരസ്ക്കാരം സമർപ്പിക്കുന്നതായി രജിനികാന്ത് പറഞ്ഞു. കണ്ടക്ടർ ജോലി ചെയ്തിരുന്നപ്പോൾ ഡ്രൈവറായിരുന്ന രാജ് ബഹാദൂറിനോടിന് നന്ദിയുണ്ടെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിൽ നിന്ന് പുരസ്ക്കാരമേറ്റുവാങ്ങി രജിനികാന്ത് കൂട്ടിച്ചേർത്തു. തമിഴ്നടന്‍ ധനുഷും ഹിന്ദി നടന്‍ മനോജ് ബാജ്പേയിയും  മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി .

കങ്കണ റണൗട്ടാണ് മികച്ച നടി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലന്‍റെ സംവിധായകന്‍ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള  പുരസ്കാരം രാഹുല്‍ റിജി നായരും ഏറ്റുവാങ്ങി. മികച്ച റീറെക്കോര്‍ഡിങ്ങിനുള്ള പുരസ്കാരം റസൂല്‍ പൂക്കുട്ടിയും ബിബിന്‍ ദേവും പങ്കിട്ടു.