രജനിയും ധനുഷും, പ്രിയനും സിദ്ധാർത്ഥും; ദേശീയ ചലച്ചിത്ര പുരസ്കാര വേദിക്ക് കുടുംബ ടച്ച്

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്ക്ക് രജനികാന്തിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം സമ്മാനിച്ചു. രാജ്യത്തിന്‍റെ പാരമ്പര്യം തകര്‍ക്കുന്ന ഒന്നും സിനിമലോകം ചെയ്യരുതെന്ന് 67മത് ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പറഞ്ഞു. 

പ്രിയദര്‍ശനും മകന്‍ സിദ്ധാര്‍ഥും രജിനികാന്തും ധനുഷും പുരസ്ക്കാരവേദിക്ക് കുടുംബ ടച്ച് നല്‍കി അപൂര്‍വതയായി. ഗുരു കെ ബാലചന്ദറിനും സഹോദരന്‍ സത്യനാരായണ റാവുവിനും പുരസ്ക്കാരം സമര്‍പ്പിക്കുന്നതായി രജിനികാന്ത്. ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്നപ്പോള്‍ ഡ്രൈവറായുണ്ടായിരുന്ന രാജ് ബഹാദൂറിനെ ഓര്‍ത്തു.മികച്ച ചിത്രത്തിന് മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിന്‍റെ സംവിധായകന്‍ പ്രിയദര്‍ശനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും പുരസ്ക്കാരം സ്വീകരിച്ചു. 

മികച്ച പുതുമുഖ സംവിധായകന്‍ – മാത്തുക്കുട്ടി സേവ്യര്‍, മികച്ച ഛായാഗ്രാഹകന്‍ – ഗിരീഷ് ഗംഗാധരന്‍, സ്പെഷ്യല്‍ ഇഫക്ട്സ് സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍, ഗാനരചന – പ്രഭാ വര്‍മ, മേയ്ക്ക് അപ് – രഞ്ജിത്ത്, വസ്ത്രാലങ്കാരം – വി ശശി, സുജിത്ത് സുധാകരന്‍, റീ റെക്കോര്‍ഡിങ്ങ് – റസൂല്‍ പൂക്കുട്ടി, ബിബിന്‍ ദേവ് എന്നിവര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച കുടുംബ ചിത്രം ഒരു പാതിരാ സ്വപ്നം പോലെ. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക പരാമര്‍ശമുണ്ട്. മികച്ച മലയാള ചിത്രം കള്ളനോട്ടം. പണിയ ഭാഷയിലെ മികച്ച ചിത്രം കെഞ്ചിറയാണ്. ധനുഷ്, മനോജ് ബാജ്പേയ് എന്നിവര്‍ മികച്ച നടനുള്ള പുരസ്ക്കാരം പങ്കിട്ടു. കങ്കണ റനൗട്ടാണ് മികച്ച നടി.