തിരശ്ശീല ഉയരുമ്പോൾ

വീണ്ടും തിരശ്ശീല ഉയരുകയാണ്. കോവിഡ് മഹാമരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലെ സുപ്രധാനമായ വഴിത്തിരിവ്. വെളിച്ചംകാണാതെ കിടന്ന സിനിമകൾ കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തുകയാണ് ഈ തിങ്കളാഴ്ച മുതൽ.  

കോവി‍ഡ് നടുവൊടിച്ച വ്യവസായങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് സിനിമയും തീയറ്ററുകളും. തീയറ്ററുകളിൽ പോയിരുന്ന് സിനിമ ആസ്വദിക്കുന്ന സന്തോഷം മലയാളിക്കും ചലച്ചിത്രലോകത്തിനും നഷ്ടമായിട്ട് രണ്ട് വർഷമാകുന്നു. ആ സന്തോഷത്തിനപ്പുറം വലിയൊരു വിഭാഗം ജനതയുടെ ജീവിതമായിരുന്നു സിനിമ. മുന്നണിയിലും പിന്നണിയിലും സിനിമ ജീവനോപാധിയാക്കിയ ആയിരങ്ങളുടെ പ്രതീക്ഷകൾ കൂടിയാണ് ഈ തിങ്കളാഴ്ത സഫലമാകുന്നത്.

ഇടയ്ക്ക് ഇളവുകളോടെ തീയറ്ററുകൾ തുറന്നു. പക്ഷേ രണ്ടാംതരംഗം ശക്തമായതോടെ വീണ്ടും അടച്ചു. കോവിഡിന് മുൻപ് വെള്ളിയാഴ്ചകളാകാൻ ഓരോ സിനിമാപ്രേമിയും കാത്തിരിക്കുമായിരുന്നു. കരഘോഷങ്ങളോടെ പ്രിയതാരങ്ങളുടെ സിനിമകളെ വരവേൽക്കാൻ. 

എന്നാൽ നഷ്ടം മാത്രമാണ് മഹാമാരിക്കാലം തീയറ്റർ ഉടമകൾക്ക് കാത്തുവെച്ചത്. രണ്ടുവർഷത്തോളമാണ് തീയറ്ററുകൾ അടഞ്ഞുകിടന്നത്. കോടികളുടെ വരുമാനമാണ് ഇല്ലാതെയായത്. ഉപകരണങ്ങൾ കേടുവരാതെ നോക്കാൻ ഓരോ മാസവും കാശ്മുടക്കുകയും വേണം. നയാപൈസ പോലും വരുമാനമില്ലാതെ തീയറ്റർ കാത്തുസൂക്ഷിക്കുന്നത് തീയറ്റർ വ്യവസായത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. ഉപകരണങ്ങൾ കേടുവരാതിരിക്കാനായി എല്ലാദിവസും ഏതെങ്കിലും സിനിമ സ്ക്രീനിൽ പ്ലേ ചെയ്യും. 

വീണ്ടും തീയറ്റർ തുടങ്ങുമ്പോൾ പ്രതീക്ഷകൾ ഒരുപാടാണ്.  എന്നാലും രണ്ട് വർഷത്തെ നഷ്ടം നികത്തണമെങ്കിൽ തീയറ്ററുകളിലേക്ക് ജനങ്ങൾ എത്തിയേ മതിയാകൂ.  കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കാണികളെ കാത്തിരിക്കുകയാണ് കേരളത്തിലെ തീയറ്ററുകൾ. വീണ്ടും തിരശീല ഉയരുമ്പോൾ വാനോളമാണ് ഇവരുടെ പ്രതീക്ഷകളും. ഇനിയും ഹൗസ്ഫുൾ ബോർ‍ഡ് തൂങ്ങുമെന്ന പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.