വാണി ഇനി ബാബുരാജിന്റെ സിനിമയിലെ നായിക; തിരിച്ചുവരവ്് പ്രഖ്യാപനം ഒരുമിച്ച്

 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്‍റെ നായികയായി തന്നെയാണ് തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നു. 'ദി ക്രിമിനൽ ലോയർ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.

നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉമേഷ് എസ് മോഹനാണ്. തേർഡ് ഐ മീഡിയ മേക്കേഴ്സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് ആശംസ നേരാനായി എത്തിയിരുന്നു.

‘വീണ്ടും മലയാളിപ്രേക്ഷകരെ കാണാൻ പോകുന്നു എന്നതിൽ സന്തോഷം. ആ തിരിച്ചുവരവ് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതൽ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചികാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങൾക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോൾ അതൊരു നല്ല കഥാപാത്രത്തിലൂടെയാകുന്നത് നിമിത്തം മാത്രം’.–വാണി വിശ്വനാഥ് പറയുന്നു.

‘ത്രില്ലർ–ക്രൈം സിനിമകളുടെ ആരാധികയാണ് ഞാൻ. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാൾട് ആൻഡ് പെപ്പർ, ജോജി എന്നീ സിനിമകളിലെ വേഷങ്ങൾപോലെ നിങ്ങൾ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്.’

‘മാന്നാർ മത്തായി സിനിമയ്ക്കു ശേഷം എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളിപ്രേക്ഷകർക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’–വാണി പറഞ്ഞു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള വാണക്ക് സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ദ് കിങ്, ഇൻഡിപ്പെൻഡൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് തുടങ്ങിയ സിനിമകളിലെ വാണിയുടെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. 2002ലാണ് വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുന്നത്. ആ‍ർച്ച, അദ്രി എന്നിവരാണ് മക്കള്‍.

2017ൽ നടി രാഷ്ട്രീയത്തിൽ സജീവമായി. മലയാളത്തിൽ 2014ൽ പുറത്തിറങ്ങിയ മാന്നാർ മത്തായി 2വിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.