40 കോടി അഡ്വാൻസ്; മരക്കാർ തീയറ്ററിൽ വരും: പ്രതീക്ഷയോടെ ലിബര്‍ട്ടി ബഷീര്‍

പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രം മരക്കാർ; അറബി കടലിന്റെ സിംഹം തീയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് ആന്റണി പെരുമ്പാവൂർ തന്നോട് പറഞ്ഞതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. ഒക്ടോബർ 25ന് കേരളത്തിലെ തിയറ്ററുകൾ തുറക്കാനിരിക്കെ, മരക്കാർ ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുന്നതെന്ന് വാർത്തകളുണ്ടായിരുന്നു. 

തീയറ്റർ റിലീസിനൊപ്പം ചിലപ്പോൾ ഒടിടി റിലീസും കാണും. എന്നാലും തീയറ്ററിൽ തരാതെ ഒടിടിയിൽ മാത്രമായി ചിത്രം പ്രദർശിപ്പിക്കില്ല. ക്രിസ്മസിനോടനുബന്ധിച്ച് മരക്കാർ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മരക്കാർ തിയറ്ററുകളെത്തുമെന്ന വാർത്ത ഉടമകളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്– ലിബർട്ടി ബഷീർ മനോരമ ന്യൂസിനോട് പറഞ്ഞു.

മരക്കാർക്ക് വേണ്ടി മൂന്ന് വർഷമായുള്ള കാത്തിരിപ്പാണ്. തീയറ്ററുകളിൽ റിലീസ് ചെയ്യാനായി 40 കോടിയോളമാണ് അഡ്വാൻസ് നൽകിയിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഡയറക്ട് ഒടിടി റിലീസ് ഒരിക്കലും സംഭവിക്കില്ല. ഇതിനെക്കുറിച്ച് ആന്റണി പെരുമ്പാവൂരിനോട് ഞാൻ സംസാരിച്ചിരുന്നു. സിനിമ തീയറ്ററിൽ തന്നെ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്- ബഷീർ പറഞ്ഞു.