ബൈക്കിൽ വാഗാ അതിർത്തിയിലെത്തി അജിത്ത്; ജവാൻമാർക്കൊപ്പം സമയം ചെലവിട്ടു

വ്യക്തിപരമായ ഇഷ്ടങ്ങൾ എപ്പോഴും മുറുകെ പിടിക്കുന്ന താരങ്ങളിൽ ഒരാളാണ് തെന്നിന്ത്യൻ സൂപ്പർതാരം അജിത്ത്. വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ കമ്പം വളരെ പ്രസിദ്ധമാണ്. ഇപ്പോൾ സിനിമാത്തിരക്കുകളിൽ നിന്നും ഇടവേള എടുത്ത് ബൈക്കിൽ രാജ്യം ചുറ്റാൻ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. ബൈക്കിൽ വാഗാ അതിർത്തിയിൽ എത്തിയ അജിത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

താരത്തിനൊപ്പം ജവാൻമാരും കൂടിയതോടെ വരവ് വലിയ ആഘോഷമായി. ദേശീയ പതാക കയ്യിലേന്തി അഭിമാനത്തോടെ അദ്ദേഹം ജവാൻമാർക്കൊപ്പം സമയം പങ്കിട്ടു. 20 ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ചെന്നൈയിൽ നിന്നും യാത്ര തിരിച്ചത്. വാഗ അതിർത്തിയിൽ നിന്നും അദ്ദേഹം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. 

മെക്കാനിക്കായി തുടങ്ങി തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സൂപ്പർതാരമായി വളർന്ന അജിത് ഫോർമുല 2 കാറോട്ടത്തിലും മത്സരിച്ചിട്ടുണ്ട്. വാലിമൈ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളിനായി റഷ്യയിൽ എത്തിയ താരം അവിടെ 5000ൽ അധികം കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചിരുന്നു.