വീണ്ടും തെലുങ്കിൽ; ബിഗ് ബജറ്റ് ചിത്രം; ഈ ആഴ്ച ഷൂട്ടിനായി മമ്മൂട്ടി യൂറോപ്പിൽ

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന സിനിമ തെലുങ്കിൽ വൻവിജയമാണ് നേടിയത്. ഇതിന് പിന്നാലെ മമ്മൂട്ടി വീണ്ടും തെലുങ്കിൽ ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നു. മമ്മൂട്ടിയും നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയും  തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി. 

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ ചിത്രീകരണം. സുരേന്ദർ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം. 

മമ്മൂട്ടിയും ബാലതാരമായി തന്നെ സിനിമയിൽ നിറഞ്ഞ അഖിലും ഒരുമിക്കുന്ന ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ തെലുങ്ക് മാധ്യമങ്ങളും ആഘോഷമാക്കുകയാണ്. റെക്കോർഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കശ്മീർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം. ആക്ഷന് പ്രാധാന്യം നൽകുന്ന ത്രില്ലർ ചിത്രമാകും ഇതെന്നാണ് സൂചന.