‘മുറിയിലെത്തി മുരളിയേട്ടൻ കെട്ടിപ്പിടിച്ച് കരഞ്ഞു’; മനസിൽ തങ്ങുന്ന വേഷം; ജയസൂര്യ

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ജയസൂര്യ. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയെന്നും ഈ അവാർഡ്, ചിത്രത്തിൽ കൂടെ പ്രവർത്തിച്ച എല്ലാവർക്കുമായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളത്തിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര്‍ സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നത്.’– ജയസൂര്യ പറഞ്ഞു. 

ക്യാപ്റ്റൻ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമായിരുന്നു വെളളം. മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ചത്.

അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘വെള്ളം’ എന്ന സിനിമയിലെ അഭിനയത്തിന് ജയസൂര്യയെ മികച്ച നടനായും ‘കപ്പേള’യിലെ അഭിനയത്തിന് അന്ന ബെന്നിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘എന്നിവർ’ എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് ശിവ മികച്ച സംവിധായകനായി. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണ് മികച്ച സിനിമ. മികച്ച രണ്ടാമത്തെ ചിത്രം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ ജനപ്രിയ ചിത്രമായി. മികച്ച സ്വഭാവനടൻ – സുധീഷ്(ചിത്രങ്ങൾ – ‘എന്നിവർ’, ഭൂമിയിലെ മനോഹര സ്വകാര്യം’), മികച്ച സ്വഭാവനടി – ശ്രീരേഖ(ചിത്രം – വെയിൽ). ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. രചനാ വിഭാഗത്തിൽ മികച്ച ചലച്ചിത്ര ഗ്രന്ഥമായി പി.കെ.സുരേന്ദ്രന്റെ ‘ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ’, മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ ‘അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ’ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.