തിയറ്റർ ജീവനക്കാർക്ക് ആശ്വാസമായി വിജയ് ഫാൻസ്; ധനസഹായം നൽകി

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സിനിമാ തിയറ്റർ ജീവനക്കാർക്കു സഹായമേകി കൊല്ലത്തെ വിജയ് ഫാന്‍സ്. ജീവനക്കാര്‍ക്ക് നല്‍കാനായി ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് ആരാധക കൂട്ടായ്മ സമാഹരിച്ചത്. 

കോവി‍ഡ് കാലത്തെ അടച്ചിടലില്‍ ഒറ്റപ്പെട്ടുപോയവാണ് സിനിമാതിയറ്ററുകളിലെ ജീവനക്കാര്‍. ജീവിതവരുമാനം ഇല്ലാതായി. പലരും സാമ്പത്തികമായി തളര്‍ന്നു. ഇവര്‍ക്കൊരു കൈത്താങ്ങ് നല്‍കുകയാണ് നടന്‍ വിജയ്്യുടെ പേരിലുളള കൊല്ലത്തെ ആരാധകര്‍. വിജയ് ഫാന്‍സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുപ്പതോളം തീയറ്ററുകളിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കിയത്. ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ വിതരണോദ്ഘാടനം കടപ്പാക്കടയിലെ ധന്യ രമ്യ തിയറ്ററില്‍ വച്ച് മുകേഷ് എംഎല്‍എ നിര്‍വഹിച്ചു.

ഇഷ്ടപ്പെട്ട നടനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പാവങ്ങളെ സഹായിക്കുക കൂടി ചെയ്യുമ്പോഴാണ് ഫാൻസ് പ്രവർത്തനത്തിന് മാനുഷിക തലം വരുന്നതെന്ന് എംഎല്‍എ പറഞ്ഞു.ജില്ലയിൽ 12500 പേരാണ് വിജയ് ഫാൻസ് സംഘടനയിലുളളത്. ലക്കി ഡ്രോ കൂപ്പൺ വഴിയാണ് ധനസമാഹരണം നടത്തിയത്. തുക തിയറ്ററുകളുടെ മാനേജർമാർ വഴിയാണ് ജീവനക്കാരുടെ കൈകളിലെത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു.