നാൽപ്പത്തിയാറാമത് ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു

നാൽപ്പത്തിയാറാമത് ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു. സ്റ്റീവന്‍ ഷ്‌ബോസ്‌കി സം‌വിധാനം ചെയ്ത Dear Evan Hansen എന്ന അമേരിക്കന്‍ ചലച്ചിത്രമായിരുന്നു ഉദ്ഘാടന ചിത്രം. 2020 ലെ ചലച്ചിത്രമേളയിൽ കോവിഡ് മൂലം 50 ചിത്രങ്ങള്‍ മാത്രം മാത്രമേ പ്രദർശിപ്പിച്ചിരുന്നു ഉള്ളൂ.  ഈ വര്‍ഷം 150 ചിത്രങ്ങളാണ്‌ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു മലയാള സിനിമ അടക്കം ഇന്ത്യയിൽ നിന്ന് രണ്ട് ചിത്രങ്ങളാണ് ഇത്തവണത്തെ മേളയിലുള്ളത്. നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത പക ആണ് ടോറൊന്റോ മേളയിലെ ഏക മലയാള ചിത്രം. ഇരുപത്തഞ്ചിലധികം ചിത്രങ്ങള്‍ക്ക് ശബ്ദസം‌വിധാനം നിര്വ്വഹിച്ചിട്ടുള്ള നിതിന്‍ ലൂക്കോസിന്‍റെ 'പക' നിര്‍മ്മിച്ചിട്ടുള്ളത് രാജ് രാച്ചക്കൊണ്ട എന്ന തെലുഗുസം‌വിധായകനും അനുരാഗ് കാശ്യപുമാണ്‌. ഹൃതിക് പരേഖ് സംവിധാനം ചെയ്ത ഡുഗ് ഡുഗ് ആണ് മേളയിലെ രണ്ടാമത്തെ ഇന്ത്യൻ സിനിമ. ഇറാനിയന്‍ ചലച്ചിത്രകാരനായ അസ്‌ഗര്‍ ഫര്‍ഹദിയുടെ എ ഹീറോ, ക്ലിയോ ബര്‍നാഡിന്‍റെ അലി ആൻഡ് അവ, ടെറന്‍സ് ഡേവിസിന്‍റെ ബെൻഡിക്ഷൻ എന്നിവയും മേളയിൽ പ്രദർശിപ്പിക്കുന്നു. സെപ്റ്റംബര്‍ 18 നു മേള സമാപിക്കും.