ദളപതിക്കൊപ്പം തിളങ്ങിയ ദേവ; ബോളിവുഡിലെ ആദ്യ മലയാളി നായകൻ; അഭിമാനം

കമല്‍ഹാസനും രജനികാന്തും നിറഞ്ഞു നിന്ന തമിഴ് വെള്ളിത്തിരയിൽ പുതിയൊരു താരോദയമായിരുന്നു മമ്മൂട്ടി. 80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കകാലങ്ങളിലും  വര്‍ഷത്തില്‍ ഒരു ചിത്രത്തിലെങ്കിലും മമ്മൂട്ടി തമിഴ് പറഞ്ഞെത്തി. അതോടൊപ്പം ബോളിവുഡിലെ ആദ്യ മലയാളി നായകനും മമ്മൂട്ടിയാണ്.

മലയാളക്കരയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും തമിഴ് തിരശീലയില്‍  നായകനായി നിറയാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ നടനാണ് മമ്മൂട്ടി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും  മലയാളത്തിലേതു പോലെ തമിഴിലും ഒരു പോലെ നായകത്വം നിലനിര്‍ത്തി. ചെയ്യാത്ത കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ബിസിനസുകാരനെ രക്ഷിക്കാനായെത്തുന്ന അഭിഭാഷകനായി അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം നവംബറില്‍ രജനിക്കൊപ്പം ദേവയായി ദളപതിയില്‍. ‌ദേവയെയും ദളപതിയെയും തമിഴകം കൊണ്ടാടി. അടുത്ത മാസം  ക്രിസ്മസ് ചിത്രമായി  കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത അഴകനിലൂടെ തമിഴിലും നായക നടനെന്ന സ്ഥാനം ഉറപ്പിച്ചു. 

95 ല്‍ ദീപാവലി റിലീസായി തമിഴ് കൊട്ടകയില്‍ നിറഞ്ഞത് രജനിയുടെ മുത്തുവും കമല്‍ഹാസന്റെ  കുരുതിപുന്നലും മമ്മുട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലറായ മക്കള്‍ ആച്ചിയും. രജനിയോടും കമലിനോടും പൊരുതി നിന്നുവെന്നത് മാത്രമല്ല ഏറ്റവും കൂടുതല്‍ നിരൂപക പ്രശംസ നേടാനും മക്കള്‍ ആച്ചിക്കായി. ഏറെകാലത്തെ ഇടവേളേയ്ക്കു ശേഷം പേരമ്പിലൂടെ തിരികെ എത്തിയപ്പോള്‍ തമിഴ് സിനിമ പ്രതീക്ഷിച്ചത് ദേശീയ പുരസ്കാരമായിരുന്നു.

എണ്ണം പറഞ്ഞ 16 ചിത്രങ്ങള്‍. 2000 ല്‍ പുറത്തിറങ്ങിയ രാജീവ് രവി ചിത്രം കണ്ടുകൊണ്ടേയ്ന്‍ കണ്ടുകൊണ്ടേയ്ന്‍ ശ്രദ്ധക്കപ്പെട്ടത് മമ്മുട്ടിയുടെയും ഐശ്വര്യ റായിയുടെയും സാന്നിധ്യം കൊണ്ടായിരുന്നു. മൗനം സമ്മതത്തിലെ പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്ത തമിഴരും കുറവ്. 

തെലുങ്കിലും കന്നഡയിലും ചുരുങ്ങിയ ചിത്രങ്ങളിലെങ്കിലും നായകനായി മെഗാസ്റ്റാര്‍ തിളങ്ങി. ദര്‍പ്പി പുത്രനിലൂടെ ബോളിവുഡിലും നായകനായി. മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു നടന്‍ ഹിന്ദി സിനിമയില്‍ നായകനാവുന്നത് ദര്‍പ്പി പുത്രനിലൂടെയാണ്. പിന്നീട് ജബാര്‍ പട്ടേലിന്റെ അംബേദ്കറിലൂടെ ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ചു മെഗാസ്റ്റാര്‍.