പ്രിയതാരം; വഴികാട്ടി; നിശ്ചയദാർഢ്യത്തിന്റെ പ്രതിച്ഛായ; മലയാളത്തിന്റെ വല്യേട്ടൻ

പ്രേക്ഷകരുടെ പ്രിയതാരം എന്നതിലപ്പുറം സമൂഹത്തെ പലതും പഠിപ്പിക്കുകയും ചെയ്യുന്ന വഴികാട്ടികൂടിയാണ് മമ്മൂട്ടി.സ്വന്തം തൊഴിലിലും ജീവിതത്തിലും പുലര്‍ത്തേണ്ട അടിസ്ഥാന തത്വങ്ങളുടെ ആള്‍രൂപമാണ് അദ്ദേഹം. കാലംപോലും അകലംപാലിച്ച് ആദരവോടെ നോക്കിനില്‍ക്കുന്നു ഈ മനുഷ്യനെ. 

സൗന്ദര്യം ഗാംഭീര്യം പൗരുഷം മലയാളികള്‍ക്ക് ഇതൊക്കെയാണ് മമ്മൂട്ടി. നേരില്‍ കണ്ടാല്‍ ആരുടെ കണ്ണുകളും ആദരവോടെ വിടരും, ഇരിപ്പിടത്തില്‍ നിന്ന് അറിയാതെ എഴുനേറ്റുപോകും. ഭയഭക്തി ബഹുമാനത്തില്‍ ചാലിച്ചെടുത്ത സ്നേഹം ഉള്ളില്‍ നിറച്ചായിരിക്കും നമ്മുടെ അഭിവാദ്യം. നമ്മളില്‍ ഈ വികാരങ്ങള്‍ ഉല്‍ഭവിപ്പിക്കുന്ന ആളുകള്‍ അപൂര്‍വം തന്നെയാണ്. കഠിനാധ്വാനത്തിലൂടെ സ്ഫുടം ചെയ്തെടുത്ത വ്യക്തിത്വം. നിശ്ചയദാര്‍ഢ്യത്തോടെ വളര്‍ത്തിയെടുത്ത പ്രതിച്ഛായ..ഇതിന്റെയൊക്കെ നിറവാണ് മമ്മൂട്ടി

നിങ്ങള്‍ ഏതുമേഖയിലാണെങ്കിലും സ്ഥിരതോടെ മികവുകാട്ടിയാല്‍ മാത്രമെ തലയെടുപ്പോടെ നിലനില്‍ക്കാനാകൂ. സിനിയുടെ കാര്യത്തിലുംഅതുതന്നെ. ഒന്നോരണ്ടോ വമ്പന്‍ വിജയങ്ങള്‍ നേടിയ മിന്നിമറഞ്ഞ എത്രയോ നടീനടന്മാര്‍, ഗായകര്‍, സംഗീത സംവിധായകര്‍, തിരക്കഥാ കൃത്തുകള്‍ ഒക്കെ നമ്മുടെ മുന്നിലുണ്ട്. ഇവിടെയാണ മികവിന്റെ സ്ഥൈര്യം പ്രധാന ഘടകമാകുന്നത്. ഒരേ മികവോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് ദേശാടനം നടത്തിയ അനുഭവശക്തിയുടെ പ്രതീകമാണ് മമ്മൂട്ടി. 

വൈവിധ്യം അതാണ് മറ്റൊരു ഘടകം. ഒരുകഥാപാത്രം അവതരിപ്പിച്ച് വിജയിച്ചാല്‍ അതേ വേഷത്തിന്റെ തടവുകാരാകുന്ന എത്രയെ പേരെ നമ്മള്‍ കണ്ടിട്ടുണ്ട്. അതേ തടങ്കിലില്‍ അവരങ്ങ് കടന്നുപോകും. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് യോജിച്ച രീതിയില്‍ മനസ്സും ശരീരവും വഴക്കിയെടുക്കയെന്ന് അത്ര എളുപ്പമല്ല. അശ്രാന്തപരിശ്രമം അതിന് പിന്നിലുണ്ട്. ചിലപ്പോള്‍ മാസങ്ങള്‍ നീണ്ട ഗൃഹപാഠം വേണ്ടിവരും. ഇതൊക്കെ നമ്മുക്ക് കണ്ടുപഠിക്കാനൊരാളുണ്ട് അതാണ് മമ്മൂട്ടി. 

എല്ലാവരും സകലകലാവല്ലഭന്മാരല്ല, സമ്പൂര്‍ണരുമല്ല, അപൂര്‍ണതകള്‍ തിരിച്ചറിഞ്ഞ് എന്നാലത് കയ്യടക്കതോടെ മറികടന്ന് മുന്നേറാമെന്ന തെളിയിച്ച, പരിമിതികള്‍ക്ക് നമുക്കുതന്നെ പരിധിനിശ്ചയിക്കാമെന്ന് പ്രവര്‍ത്തിച്ചുകാണിച്ച വല്യേട്ടന്‍. ഇപ്പറഞ്ഞതിനൊക്കെ അടിസ്ഥാനമായൊരു തത്വം കൂടിയുണ്ട്. അച്ചടക്കം. നടന്റെ ഉപകരണമാണ് ശരീരം. അത് നശിച്ചാല്‍ നടനില്ല. കാലത്തിന് തൊടാന്‍പറ്റാതെ വേണമെങ്കില്‍ നമ്മുടെ ശരീരത്തെ പരമാവധി മുന്നോട്ടുകൊണ്ടുപോകാം. അതിനൊരു വലിയ ഉദാഹരണം കൂടിയാണ് മമ്മൂട്ടി. 

ഇങ്ങനെ പലതിനും മാതൃകയാകുന്ന ഒരാള്‍ക്ക് മറ്റൊന്നുകൂടി വേണം. ആത്മവിശ്വാസത്തിന്റെ കയ്യൊപ്പ്. എങ്കിലേ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാകൂ. നിങ്ങള്‍ ആദ്യം നന്നായി സ്നേഹിക്കേണ്ടത് നിങ്ങളെത്തന്നെയാണ്. എങ്കിലെ നിങ്ങളെക്കൊണ്ട് ഈ സമൂഹത്തിന് എന്തെങ്കിലും പ്രയോജനമൂണ്ടാകൂ.അങ്ങനെ അഭിനയം കൊണ്ടും ജീവിതം കൊണ്ടും ഈ മനുഷ്യന്‍ മലയാളികളെ പലതും പഠിപ്പിക്കുന്നു,ഒാമപ്പെടുത്തുന്നു.