134 പുതുമുഖങ്ങള്‍, 80കളിലെ ജാക്സൻമാരുടെ കഥ; 'മൂൺവാക്ക് ' റിലീസിനൊരുങ്ങുന്നു

മൈക്കല്‍ ജാക്സന്‍ തരംഗത്തിൽ 80കളിൽ കേരളത്തിലുദിച്ച ജാക്സൻമാരുടെ കഥ പറയുന്ന ‘മൂൺവാക്ക്’ റിലീസിനൊരുങ്ങുന്നു. 134 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രത്തിന്റെ വരവ്. ഫയർവുഡ് ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ജസ്‌നി അഹ്‌മദ്‌ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എ.കെ. വിനോദാണ്. മാത്യു വർഗീസ്, എ.കെ. വിനോദ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 

മൈക്കൽ ജാക്സന്റെ ത്രില്ലർ തരംഗത്തിൽ ആവേശം കൊണ്ട് ബ്രേക്ക് ഡാൻസിനെ സ്നേഹിച്ച് അതിനായി ജീവിതം ഉഴിഞ്ഞുവച്ച്, മറ്റാരും അറിയപ്പെടാതെ പോയ യുവാക്കളുടെ ജീവിതവും പ്രണയവും പ്രതിപാദിക്കുന്ന ചിത്രത്തിൽ ക്യാമ്പസും ഉത്സവങ്ങളുമെല്ലാം കാഴ്ചകളാകുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.

80കളിൽ ഫോർട്ട്കൊച്ചിയിലും തിരുവനന്തപുരത്തുമുൾപ്പെടെ ഉദിച്ച്, ഉയരാതെ പോയ കേരള ജാക്സൻമാരുടെ കഥയാണ് മൂണ്‍വാക്ക്. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധേയമായിരുന്നു. 10മാസത്തോളം നീണ്ടുനിന്ന കാസ്റ്റിംഗിനു പിന്നിൽ പ്രവർത്തിച്ചത് സുനിത, ശ്യാം, ജോമിറ്റ് ജോണി, സുമേഷ് എസ്.ജെ എന്നിവരാണ്.