'വേലുക്കാക്ക ഒപ്പ് കാ' പ്രേക്ഷകരിലേക്ക്; സന്തോഷം പങ്കുവെച്ച് ഇന്ദ്രൻസ്

കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്ന് പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് നടൻ ഇന്ദ്രൻസ്. നിരവധി രാജ്യാന്തര ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിയ 'വേലുക്കാക്ക ഒപ്പ് കാ' എന്ന ചിത്രം ചൊവ്വാഴ്ച ഒന്നിലധികം ഒ.ടി.ടിയിൽ പ്രദർശനത്തിന് എത്തും.

വാര്‍ധക്യത്തിന്റെ വേദന പല സിനിമകള്‍ക്കും വിഷയമായിട്ടുണ്ടെങ്കിലും വേറിട്ട പരീക്ഷണമെന്ന നിരുപകപ്രശംസയാണ്‌ രാജ്യാന്തര ഫെസ്റ്റിവൽ വേദികളിൽ വേലുക്കാക്ക നേടിയത്. പകലന്തിയോളമുള്ള കൂലിവേലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രന്‍സ് എന്ന നടന്റെ കരിയറിലെ മികച്ചതായാണ് വിലയിരുത്തൽ.

കോവിഡ് കാലത്ത് അടച്ചിട്ട തിയറ്ററുകൾ ഉൾപ്പെടെ സിനിമ മേഖല നേരിടുന്ന വലിയ പ്രതിസന്ധിയുടെ വേദനയും ഇന്ദ്രൻസ് പങ്കുവച്ചു. വേലുക്കാക്കയുടെ സംവിധായകൻ അശോക് .ആര്‍ .കലിതയ്ക്ക് നവധാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സംവിധായകന്റെ കഥയ്ക്ക് തിരക്കഥ സംഭാഷണം രചിച്ചത് എം.എ.സത്യനാണ്.