‘ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിക്കരുത്; നഷ്ടം നമുക്കു മാത്രം’; റിമി

ജീവിതത്തിൽ തിരിച്ചടികൾ സ്വഭാവിവികമാണ്. വിജയതീരമണഞ്ഞവരുടെ ചരിത്രം പരിശോധിച്ചു നോക്കൂ. പരാജയങ്ങളുടെ പടുകുഴിയിൽ വീണു പോയ കഥകളായിരിക്കും അവർക്കു പങ്കുവയ്ക്കാനുണ്ടാകുക. എന്നാൽ തോൽവികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പതിൻമടങ്ങ് ശക്തിയോടെ അവർ വീണ്ടും തിരിച്ചു വരികയായിരുന്നു. സംശയിക്കേണ്ട, നമുക്കും സാധിക്കും . നൈമിഷികമായ പ്രതിസന്ധികളിൽ ഇടറി ജീവനൊടുക്കുകയല്ല പരിഹാരം. 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാൽ നഷ്ടം നമുക്കു മാത്രമാണെന്നും നമ്മുടെ മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിലനിർത്താൻ നമുക്ക് മാത്രമേ കഴിയൂ എന്നും കുറിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി.  ‘എലോൺ വോക്കർ’ എന്ന സമൂഹമാധ്യമ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് റിമി ജീവിതത്തെ പോസിറ്റീവായി സമീപിക്കാൻ ആവശ്യപ്പെടുന്നത്. 

‘മനസ്സിനെ എപ്പോഴും സന്തോഷത്തോടെ വയ്ക്കാൻ ശ്രമിക്കൂ. അത് നമ്മൾ മാത്രം വിചാരിച്ചാലേ നടക്കൂ, നമ്മൾ മാത്രം. വെറുതെയിരിക്കൽ ഒഴിവാക്കിയാൽ തന്നെ പകുതി നിരാശ മാറും. ഇത് നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. ഒരുപാട് പേർ വിഷാദ രോഗത്തിന് അടിമയാണ്. നമുക്ക് ചുറ്റുമുള്ളവരെ കഴിയും വിധത്തിൽ നമുക്ക് സഹായിക്കാം. പ്രതീക്ഷ കൈവെടിയാതെ ജീവിക്കാം. എത്ര വലിയ തല പോകുന്ന പ്രശ്നം ആയാലും അതിൽ നിന്നൊക്കെ പുറത്തുവരാൻ കഴിയും എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം. 

മനസ്സിനെ സന്തോഷത്തോടെ വയ്ക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. അത് പാട്ടോ ഡാൻസോ കോമഡിയോ എന്നിങ്ങനെ എന്തുമാകട്ടെ. വെറുതെയിരിക്കുന്ന മനസ്സ് ചെകുത്താന്റെ പണിപ്പുര ആകാൻ അവസരം കൊടുക്കരുത്. ഒരു നിമിഷത്തെ തോന്നലില്‍ എല്ലാം അവസാനിപ്പിച്ചാൽ നഷ്ടം നമുക്കു മാത്രം. ഇനി വരാനുള്ള നല്ല ദിവസങ്ങൾക്കായി കാത്തിരിക്കാം. അത് തീർച്ചയായും വരിക തന്നെ ചെയ്യും’, റിമി ടോമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു