ഏഴ് ജില്ലകളിൽ ഫാൻസ് ഗ്രൂപ്പുകൾ; അതേ, ഇത് അഖിലേഷേട്ടനാണ്; അഭിമുഖം

akhileshettan-unniraj
SHARE

ഒരൊറ്റ ചോദ്യം, ഒരൊറ്റ ഉത്തരം... സിനിമയിലും ജീവിതത്തിലും അതുണ്ടാക്കിയതാകട്ടെ വലിയ ട്വിസ്റ്റും. പറഞ്ഞുവരുന്നത് കാസർകോടുകാരൻ ഉണ്ണിരാജിനെക്കുറിച്ച്, ട്രോളർമാർ ഏറ്റെടുത്ത 'ഓപ്പറേഷൻ ജാവ'യിലെ അഖിലേഷേട്ടനെക്കുറിച്ച്... ആൾ ചില്ലറക്കാരനല്ല, കേരളത്തിലെ ഏഴ് ജില്ലകളിൽ ഇദ്ദേഹത്തിന് ഫാൻസ് ഗ്രൂപ്പുകളുണ്ട്. 'അഖിലേഷേട്ടന്' ആകട്ടെ കേരളമൊട്ടാകെ ആരാധകരാണ്. 

സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല ഉണ്ണിരാജിന്റെ കലാജീവിതം. ചെറുപ്പം മുതലേ തുടങ്ങിയതാണ് നാടകത്തോടുള്ള അഭിനിവേശം. കഴിഞ്ഞ 25 വര്‍ഷമായി മൈം, സ്കിറ്റ്, നാടക പരിശീലകനായി കലോൽവ വേദികളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം. കാസർകോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഉണ്ണിരാജിന് അന്നൊന്നും സിനിമ വിദൂരസ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. പക്ഷേ കലയായിരുന്നു ജീവിതത്തെ മുന്നോട്ടു കുതിപ്പിച്ച ഇന്ധനം. ജീവിതാനുഭവങ്ങളും ആവോളം ഉണ്ടായിരുന്നു. 

കഥാപാത്രങ്ങളുടെയോ താരങ്ങളുടെയോ വലിപ്പച്ചെറുപ്പ വ്യത്യാസങ്ങളില്ലാതെ കലാകാരൻമാരെയും കഴിവിനെയും ഏറ്റെടുക്കുന്ന നവമാധ്യമകാലത്ത് ഉണ്ണിരാജിന്റെ 'അഖിലേഷേട്ട'നും ഹിറ്റ് ആയി. ഫോണെടുത്താൽ 'അഖിലേഷേട്ടനല്ലേ' എന്ന ചോദ്യമാണ് ഇപ്പോൾ കേൾക്കാനുള്ളതെന്ന് പറയുന്നു ഉണ്ണിരാജ്. ''സെക്കന്റുകൾ മാത്രമേ ആ സിനിമയിൽ ‍ഞാൻ പ്രത്യക്ഷപ്പെടുന്നുള്ളൂ. പക്ഷേ, കഥയിൽ ഒരു വഴിത്തിരിവാകുന്ന ഭാഗമാണ്, അതാകാം ഇത്രക്കും ശ്രദ്ധിക്കപ്പെട്ടത്'', ഉണ്ണിരാജ് മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. 

അതു പറയാന്‍ മടിയാണ്...

ഏഴ് ജില്ലകളിലെ ഫാന്‍സ് ഗ്രൂപ്പുകളെക്കുറിച്ച് ചോദിച്ചാൽ ''അയ്യോ, അതൊക്കെ പറയാന്‍ എനിക്കു തന്നെ മടിയാണ്'' എന്നാണ് ആദ്യ ഉത്തരം. പിന്നെ മടിച്ചുമടിച്ചു തുടർന്നു: ''മറിമായം സീരിയലിൽ അഭിനയിക്കുന്ന സമയത്ത് ഉണ്ടായതാണ് അതൊക്കെ. എല്ലാം സ്നേഹത്തിന്റെ പേരിൽ മാത്രം. അല്ലാതെ എനിക്ക് ഫാന്‍സ് ഗ്രൂപ്പുകൾ ഉണ്ടെന്നൊക്കെ പറയാൻ തന്നെ മടിയാണ്''.

ജീവിതം കാത്തുവെച്ച 'മറിമായം'

''മഴവിൽ മനോരമയിലെ 'മറിമായം' എന്ന ഹാസ്യപരമ്പരയിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സുഹൃത്താണ് അതിന് വഴിയൊരുക്കിയത്. മറിമായത്തിലെ കാസർകോടൻ ശൈലി ഒരുപാടാളുകൾക്ക് ഇഷ്ടമായി.  മെല്ലെ മെല്ലെ സിനിമകളും ലഭിച്ചുതുടങ്ങി. ഞാൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, പ്രണയമീനുകളുടെ കടൽ അങ്ങനെ കുറച്ചു ചിത്രങ്ങൾ. അപ്പോഴും 'മറിമായം ഉണ്ണി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോ ദാ, 'അഖിലേഷേട്ട'നും ക്ലിക്കായി''

unniraj-manikandan.jpg.image.784.410

ഒടിടിയോ തിയേറ്ററോ?

''ഒടിടിയില്‍ സിനിമയെത്തി കൂടുതൽ ആളുകൾ അഭിപ്രായം പറയുന്നതും വിളിക്കുന്നതുമൊക്കെ സന്തോഷം തന്നെ. പക്ഷേ, നാട്ടിൻപുറത്തെ തിയേറ്ററിൽ സെക്കന്റ് ഷോ കണ്ട് കയ്യടിച്ചിരുന്ന ഒരു സാധാരണക്കാരനാണ് ഞാൻ. ആ എനിക്ക് തിയേറ്ററില്‍ സിനിമകള്‍ എത്താത്തത് വലിയ വിഷമം തന്നെയാണ്''.

കലയാണ് എല്ലാം

വീട്ടിൽ എല്ലാവരും സാധാരണക്കാരാണ്. ചെറുപ്പത്തിലേ എങ്ങനെയോ നാടകം തലക്കുപിടിച്ചു. ഇതിനിടെ പെയിന്റ്ിങ്ങ്, കെട്ടിടം പണി.. അങ്ങനെ പല ജോലികളും ചെയ്തിട്ടുണ്ട്.  ഏതെങ്കിലും പണി ചെയ്ത് ജീവിച്ചുകൂടേ എന്നൊക്കെ വീട്ടുകാർ ചോദിച്ചിട്ടുണ്ട്. കലാജീവിതത്തിൽ നിന്നും തന്നെ വരുമാനം ലഭിക്കാൻ തുടങ്ങിയതോടെ കുടുംബം ഒപ്പം നിന്നു.

കലോല്‍സവം-ഗൃഹാതുരതയും നൊമ്പരവും

''ശരിയാണ്, കലോൽസവ വേദികൾ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. സ്കൂളിൽ പഠിക്കുമ്പോള്‍ കലോൽസവ വേദികളിൽ നാടകം അവതരിപ്പിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് കൈയിൽ പണമുണ്ടായിരുന്നില്ല. പക്ഷേ പിൽക്കാലത്ത് നിരവധി കുട്ടികളെ കലോൽസവത്തിനായി ഒരുക്കി. 

സിനിമ കണ്ട്, പഠിപ്പിച്ച വിദ്യാർഥികൾ പലരും വിളിക്കാറുണ്ട്. അതൊക്കെ സന്തോഷമാണ്. പല കലാകാരൻമാരുടെയും അന്നമാണ് അത്തരം വേദികൾ. ആ ജീവിതോപാധിയാണ് ഈ കോവിഡ് കാലത്ത് ഇല്ലാതായത്. നാടകക്കാർ, പാട്ടു പഠിപ്പിക്കുന്നവർ, നൃത്താധ്യാപകർ.. അങ്ങനെ എത്രയെത്ര കലാകാരൻമാരുടെ ജീവിതമാണ് വഴിമുട്ടിയത്''. 

unni-with-students.jpg.image.784.410

.............

ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ഉണ്ണിരാജിന്റെ കുടുംബം. ഓപ്പറേഷൻ ജാവക്കു ശേഷം അഭിനയിച്ച മെമ്പർ രമേശൻ ഒൻപതാം വാർഡ്, ഒരു താത്വിക അവലോകനം, പ്രകാശം പരക്കട്ടെ, വാതിൽ, പുള്ളി തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. കോവിഡ് പ്രതിസന്ധി മാറി, താനുൾപ്പെടെയുള്ള കലാകാരൻമാർക്ക് കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഉണ്ണിരാജ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...