'ഞാൻ അടിമുടി സഖാവ്; നല്ല അസ്സൽ മലയാളി': മനസ്സുതുറന്ന് ജാവയിലെ മൈക്കിൾ പാസ്ക്കൽ

'എനിക്ക് എന്നെ വളരെ ഇഷ്ടമാണ്, ഞാൻ അടിമുടി ഒരു സഖാവാണ്...'ഇതുപറയുന്നത് തരുൺ മൂർത്തി സംവിധാനം ചെയ്ത ജാവ ചിത്രത്തിലെ മൈക്കിൾ പാസ്ക്കലാണ്. ജാവ കണ്ടവരാരും മറക്കാത്ത മുഖമാണ് തമിഴ്നാട്ടിലെ ഒരു ചേരിയിൽ തട്ടിപ്പും വെട്ടിപ്പുമായി ജീവിക്കുന്ന വിദേശിയായ മൈക്കിളിനെ. എന്നാൽ ആ മൈക്കിൾ തനിനാടൻ മലയാളിയായ ശരത്ത് തേനുമൂലയെന്ന് മലയാളികൾ തന്നെ അറിഞ്ഞത് വളരെ വൈകിയാണ്. കുട്ടനാടൻ മാർപ്പ എന്ന ചിത്രത്തിലും ശരത്ത് വേഷമിട്ടിടുണ്ട്. സിനിമ മാത്രമല്ല, രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും സജീവമാണ് ശരത്ത്. 

മൈക്കിൾ പാസ്ക്കൽ എന്ന പെരുമ്പാവൂരുകാരൻ

ഞാൻ ഒരു വിദേശിയാണെന്നാണ് സിനിമയിലുള്ളവരടക്കം വിചാരിച്ചിരുന്നത്. എനിക്കുള്ള ചില പ്രത്യേകതകൾ കൊണ്ടാണ് അവർ അങ്ങനെ ധരിക്കുന്നത്. സിനിമ എനിക്ക് എന്നും പ്രചോദനം നൽകുന്ന ഇടമാണ്. അഭിനയത്തെക്കാൾ ഉപരി സംവിധായകനെന്ന നിലയിലും, സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനുമാണ് ആ​ഗ്രഹം. ഒാപ്പറേഷൻ ജാവയുടെ മേക്കപ്പ് മാൻ എന്റെ സുഹൃത്താണ്. അദ്ദേഹമാണ് എന്നെ സംവിധായകനായ തരുൺ മൂർത്തിക്ക് പരിചയപ്പെടുത്തുന്നത്. അവർക്ക് ഈ വേഷം മറ്റൊരു രീതിയിൽ ചെയ്യാനായിരുന്നു പദ്ധതി. പിന്നീട് എന്റെ ഫോട്ടോ കണ്ടതിനുശേഷം ഇഷ്ടപ്പെടുകയും. ഈ വേഷത്തിലേക്ക് വിളിക്കുകയും ആയിരുന്നു. വിദേശി ആണെന്ന് തെറ്റിധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്  ശരത്ത് വേഷമിട്ടിരിക്കുന്നത്.

വിദേശി ആയി മാത്രം ഒതുങ്ങുന്നതിനോട് നോ..!

എന്റെ ആദ്യ ചിത്രം കുട്ടനാടൻ മാർപ്പാപ്പയാണ്. എന്നാൽ ആ ചിത്രം കണ്ടതിനുശേഷം കുറെ കഴിഞ്ഞാണ് ആളുകൾ ഞാൻ മലയാളി ആണെന്ന് മനസിലാക്കുന്നത്. അതിനുശേഷം മിന്നായം പോലെ വന്നുപോകുന്ന വിദേശിയായി പലയിടങ്ങളിലും അഭിനയിക്കാൻ വിളിവന്നു. എന്നാൽ, അത്തരം കഥാപാത്രങ്ങളിൽ ഒതുങ്ങാൻ എനിക്ക് താത്പര്യമില്ല. അതുകൊണ്ട് തന്നെ ആ വേഷങ്ങളോട് ഞാൻ നോ പറഞ്ഞു.

identity crisis അങ്ങനെ ഒരുഘട്ടം അനുഭവിച്ചിട്ടുണ്ടോ..?

അത്തരത്തിലുള്ള പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഒട്ടും ഇല്ലെന്നും അല്ല. ചെറിയ ക്ലാസുകളിൽ വച്ച് ഇങ്ങനെയുള്ള പ്രശ്നം നേരിടുമ്പോൾ കുടുംബത്തിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സാധാരണ ഒരു കുട്ടി എങ്ങനെയോ അങ്ങനെ തന്നെയാണ് ചുറ്റും ഉള്ളവരും എന്നോട് പെരുമാറിയിട്ടുള്ളത്. എന്നാൽ വ്യത്യസ്തമായ അനുവങ്ങളും ഉണ്ടായിട്ടുണ്ട്. അസ്ഥിത്വ പ്രശ്നം ഏറ്റവും കൂടുതൽ തോന്നുന്നത് നമ്മൾ വളർന്നുവരുന്ന കാലഘട്ടങ്ങളിലാണ്. 'ഇവൻ വലുതാകുമ്പോൾ കല്ല്യാണം കഴിക്കാൻ പറ്റുമോ..?' എന്ന് മാറിനിന്ന് ആളുകൾ പറയുന്നത് കേട്ടിടുണ്ട്. നിങ്ങളെ പോലെ ഉള്ളവർ അധികം ജീവിക്കാറില്ലല്ലോ എന്നുപോലും ചുറ്റുമുള്ളവർ മുഖത്ത് നോക്കി ചോദിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. പുരോ​ഗമനം അകത്തെക്കിലും പറയുന്നവരുമായാണ് ഞാൻ ജീവിതത്തിൽ കൂടുതൽ ഇടപെടാറ്, എന്നാൽ അവരിൽ നിന്ന് പോലും വിഷമകരമായ അനുഭവം  നേരിട്ടിടുണ്ട്. എന്നാൽ ഞാൻ എന്നെ വളരെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണ്. 

മഹാരാജാസ് കാലം

ഞാൻ എന്ന വ്യക്തിയെ പാകപ്പെടുത്തുന്നതിൽ മഹാരാജാസും ഞാൻ വിശ്വസിക്കുന്ന സംഘടനയും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഞാൻ അടിമുടി ഒരു സഖാവാണ്.  നടന്മാരായ വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിനും എന്റെ ബാച്ചിൽ പഠിച്ചവരാണ്. ബി എ ഫിലോസഫിയാണ് ഞാൻ മഹാരാജാസിൽ പഠിച്ചത്. എംഎ ചെയ്തത് ബാ​ഗ്ലൂരിൽ ആണ്.  കോളജിലെ രാഷ്ട്രീയത്തിൽ വഹിച്ചിട്ടുള്ള സ്ഥാനങ്ങൾ എനിക്ക് പിന്നീട് വ്യക്തി എന്ന നിലയിൽ ഉപകാരപ്പെട്ടിടുണ്ട്. വായനയാണ് മറ്റൊരിഷ്ടം. ​ഗ്രന്ഥശാല പ്രവർത്തനങ്ങളിൽ സജീവമാണ്. പഴയ യുഎസ്എസ്ആറിൽ അക്കാലത്ത് മലയാളത്തിൽ അച്ചടിച്ച ചുമന്ന കെട്ടുള്ള പുസ്തകങ്ങൾ ഒരു സ്വകാര്യ അഹങ്കാരം പോലെ ഞാൻ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.

'ചാവാൻ പോകുമ്പോൾ എങ്കിലും മലയാളം പറയെടാ..!'

കുട്ടനാടൻ മാർപ്പാപ്പയുടെ ഷൂട്ടിങ് സമയത്ത് വെള്ളത്തിൽ വീണു.  എന്നെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയത് ചാക്കോച്ചനും ധർമജൻ ചേട്ടനുമാണ്. എന്നെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചശേഷം അവർ എന്നോട് ചോദിച്ചു ചാവാൻ പോകുമ്പോൾ എങ്കിലും മലയാളം പറയെടാ എന്ന്. ഷൂട്ടിങ് മുടങ്ങേണ്ടന്ന് കരുതി വെള്ളത്തിൽ വീണപ്പോൾ ഞാൻ മിണ്ടിയിരുന്നില്ല. അന്ന് സ്നേഹവും ശാസനയും ചേർന്നതായിരുന്നു അവരുടെ ചോദ്യം. കുട്ടനാടൻ മാർപ്പാപ്പയിൽ യേശു ക്രിസ്തുവിന്റെ വേഷവും ചെയ്തത് വലിയ അനുഭവമായിരുന്നു. തീർത്തും നിരീശ്വരവാദിയായ ഞാൻ ക്രിസ്തുവിന്റെ  വേഷമിട്ട് ഒരു രാത്രി മുഴുവൻ ഷൂട്ടിങിനായി നിന്നത് ഒരു അനുഭവം തന്നെയായിരുന്നു.

അയനിക

സൈക്കോളജിയിൽ പോസ്റ്റ് ​ഗ്രാജുവേഷൻ കഴിഞ്ഞശേഷം ബ്ലാ​ഗൂരിൽ ജോലി ചെയ്തു. അക്കാലത്താണ് മാനസിക ആരോ​ഗ്യം എന്ന വിഷയത്തിൽ കൂടുതൽ ശ്രദ്ദപതിയുന്നത്. 2015 മുതൽ അയനിക എന്ന മെന്റെൽ ഹെൽത്ത് ഒാർ​ഗനൈസേഷന്റെ ഒപ്പമാണ്. എല്ലാവർക്കും മാനസികാരോ​ഗ്യം എന്ന ലക്ഷ്യത്തോടെയാണ് അയനിക പ്രവർത്തിക്കുന്നത്.