'അച്ഛന്റെ ചരിത്രം അച്ഛന്; ആളറിഞ്ഞു കളിക്കടാ'; പിന്തുണച്ച് സാജിദ് യാഹിയ

ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന നടൻ‌ പൃഥ്വിരാജിന് പിന്തുണയേറുന്നു. സിനിമാരംത്തിന് അകത്തും പുറത്തും ഉള്ളവർ ഒരേ സ്വരത്തില്‍ പൃഥ്വിരാജിനൊപ്പം നില്‍ക്കുകയാണ്. നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ കുറിപ്പും ശ്രദ്ധേയമാകുകയാണ്. അച്ഛന്റെ ചരിത്രം അച്ഛന്, ഇത് അയാളുടെ ചരിത്രമാണെന്ന് സാജിദ് പറയുന്നു.

‌കുറിപ്പിന്റെ പൂർണരൂപം:

''പ്രമുഖർ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം കടം കൊള്ളാൻ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും അവിടെ നിന്നു എം. ടി യുടെ നിർമ്മാല്യത്തിലൂടെ സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം.. എടപ്പാൾ പൊന്നാംകുഴി വീട്ടിൽ സുകുമാരന്റെ ചരിത്രം.. അതെ സുകുമാരന്റെ മകൻ തന്നെയാണ് പ്രിത്വിരാജ്. തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകൾ കൊണ്ടും ആശയ അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട, അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടത്തിയ പൃഥ്വിരാജ്. പക്ഷെ കഥ അവിടെ തീർന്നിരുന്നില്ല.

പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്കാരവും വിവിധ ഭാഷകളിലെ അംഗീകാരങ്ങളും, മലയാളത്തിലെ യങ്ങ് ഡൈനാമിക്ക് സൂപ്പർ സ്റ്റാർ എന്ന വിശേഷണവും ഒടുവിൽ ലൂസിഫർ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരൻ എന്ന ക്യാമറയ്ക്കു പിന്നിലെ ഹീറോയിസവും… അയാൾ തെളിയിക്കുക തന്നെയാണ്, ഒരു നിഷേധിയുടെ മകൻ തന്നെയാണ് താനെന്നു. ആദ്യം സിഎഎ വിരുദ്ധ സമരങ്ങളിലും ഇപ്പോൾ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും ഐക്യം നടത്തി അയാൾ അടയാളപ്പെടുത്തുകയാണ്. “അച്ഛന്റെ ചരിത്രം അച്ഛന്…ഇത് അയാളുടെ ചരിത്രമാണ്” പ്രിത്വിരാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ്‌ ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നത്. അവരോട് അയാൾ ഒരിക്കൽ പറഞ്ഞതു പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു “ആളറിഞ്ഞു കളിക്കടാ”.

ആന്റണി വർഗീസ്, അജു വർഗീസ്, നടി മാലാ പാർവതി, സംവിധായകരായ മിഥുൻ മാനുവൽ തോമസ്, ജൂഡ് ആന്റണി, മുൻ എംഎൽഎ വിടി ബൽറാം തുടങ്ങിയവരെല്ലാം പൃഥ്വിരാജിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്ക്കാരങ്ങൾക്കെതിരെ കേരളത്തിൽ നിന്ന് ആദ്യം ഉയർന്ന പ്രതിഷേധ ശബ്ദങ്ങളിലൊന്ന് പൃഥ്വിരാജിന്റേതായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദ്വീപ് നിവാസികളുടെ സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്നായിരുന്നു താരം ചോദിച്ചത്.