ഒടിടിയിൽ മല്‍സരം കടുക്കും; എം.ജി.എം സ്റ്റുഡിയോ വിലക്കുവാങ്ങി ആമസോണ്‍

ഒ.ടി.ടി.പ്ലാറ്റ്ഫോമുകള്‍ തമ്മിലുള്ള മല്‍സരം കടുപ്പിച്ച് എം.ജി.എം സ്റ്റുഡിയോ വിലക്കുവാങ്ങി ആമസോണ്‍. ഇതോടെ ജെയിംസ് ബോണ്ട് ഉള്‍പ്പടെയുള്ള വമ്പന്‍ സിനിമകള്‍ ആമസോണ്‍  പ്രൈമിലേക്ക് എത്തും.

ഡിസ്നി പ്ലസിനും നെറ്റ്ഫ്ലിക്സിനും മേല്‍ ആധിപത്യം ഉറപ്പിക്കാന്‍ എം ജി എം സ്റ്റുഡിയോ തന്നെ സ്വന്തമാക്കി ആമസോണിന്റെ ഗര്‍ജനം. 6000 കോടി രൂപയ്ക്കാണ് സ്റ്റുഡിയോ ആമസോണ് വില്‍ക്കുന്നത്. ഇതോടെ എം.ജി.എം നിര്‍മിച്ച നാലായിരത്തോളം ചിത്രങ്ങളും 17,000 ടെലിവിഷന്‍ പരമ്പരകളും ആമസോണ്‍ പ്രൈമിലേയ്ക്ക് എത്തും.  ജെയിംസ് ബോണ്ട്, ഹൊബിറ്റ്, റോക്കി, പിങ്ക് പാന്തര്‍ ചിത്രങ്ങള്‍ ഒരുക്കിയത് എംജിഎമ്മാണ്. 1924ല്‍ ആരംഭിച്ച എംജിഎം സ്റ്റുഡിയോയ്ക്ക് ക്ലാസിക് ഹോളിവുഡ് ചിത്രങ്ങളുടെ ശേഖരം തന്നെയുണ്ട്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈയാണ് എംജിഎമ്മിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള  സിനിമ. 2017ല്‍  ഹോള്‍ ഫൂഡ്സ് വാങ്ങിയതിന് ശേഷം ആമസോണ്‍ സ്വന്തമാക്കുന്ന വമ്പന്‍ കമ്പനിയാണ് എംജിഎം.