സിനിമയ്ക്ക് പൊളിച്ചെഴുത്തുകളുടെ വസന്തം നല്‍കിയ കെ.ജി.ജോര്‍ജിന് ഇന്ന് എഴുപത്തി അഞ്ചാം പിറന്നാൾ

മലയാള സിനിമയ്ക്ക് പൊളിച്ചെഴുത്തുകളുടെ വസന്തം നല്‍കിയ ചലചിത്രകാരന്‍ കെ.ജി.ജോര്‍ജിന് ഇന്ന് എഴുപത്തി അഞ്ചാം പിറന്നാള്‍. കാലാതീതമായി പിറന്ന ജോര്‍ജിന്റെ സിനിമകള്‍ ചലചിത്രപുസ്തകങ്ങളില്‍ എന്നുമൊരു അധ്യായമായി തുടരുന്നു. കോവിഡ് കാലത്ത് ലോകം വീടുകളിലേക്ക് ഒതുങ്ങിയപ്പോള്‍ ജോര്‍ജും കൊച്ചിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.

1976 മാര്‍ച്ച് പന്ത്രണ്ട് വരെ മലയാളത്തിന്റെ അഭ്രപാളികളില്‍ പതിഞ്ഞിരുന്ന വെളിച്ചത്തിന് ഒരേ നിറമായിരുന്നു. അതിലേക്കാണ് ഡോക്ടര്‍ ഗോപിയും സുമിത്രയും പിറന്നത്. സ്വപ്നാടനം മലയാള സിനിമയുടെ നിറം മാറ്റി. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജെന്ന കെ.ജി.ജോര്‍ജ് അതിന് നിറക്കൂട്ടൊരുക്കി. അന്നും ഇന്നും എന്നും മലയാള സിനിമയെന്ന പുസ്തകത്തില്‍ വലിയൊരു അധ്യായമാണ് കെ.ജി. കാലതീതമായ കലയാവണം സിനിമ  എന്ന ചൊല്ലിനോട്  നീതിപുലര്‍ത്തിയവരില്‍ പ്രമുഖന്‍ കെ.ജി.ജോര്‍ജായിരിക്കും.  ചിത്രങ്ങളോരോന്നും ഇഴകീറി പരിശോധിച്ചാല്‍ കെ.ജിയുടെ ക്രാഫ്റ്റ്മാന്‍ഷിപ്പ് വ്യക്തമാവും. 

അളവില്ലാത്ത ധൈര്യത്തിന്റെ ഉടമയാണ് സ്വപ്നാടനമെന്ന അന്നത്തെ ന്യൂജനറേഷന്‍ സിനിമയൊരുക്കിയ കെ.ജി. ആദ്യ സിനിമയെ തന്നെ സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ തേടിയെത്തി.  വ്യാമോഹത്തിലൂടെ ഇളയരാജയെ കെ.ജി.മലയാളത്തിന് പരിചയപ്പെടുത്തി. എഴുപതുകളുടെ യുവത്വം എരിഞ്ഞടങ്ങിയ ലഹരിയുടെ കഥ പറയുന്ന രാപ്പാടികളുടെ ഗാഥ, മലയാളി കണ്ട ആദ്യ ക്യാംപസ് ചിത്രം ഉള്‍ക്കടല്‍. എക്കാലത്തെയും  മികച്ച ആക്ഷേപ ഹാസ്യ രാഷ്്ട്രീയ ചിത്രം പഞ്ചവടിപ്പാലം,. എല്ലാം ജോര്‍ജിലൂടെ പിറന്നു.

യവനികയിലൂടെ ഭരത് ഗോപിയെയും മലയാളിയുടെ നായക സങ്കല്‍പ്പത്തിലേക്ക് കോറിയിട്ടു. ഇരകള്‍ കണ്ടാല്‍ തലയ്ക്ക് വട്ടാവുമെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. മലയാളിയുടെ മനശാസ്ത്രം എത്ര വിദഗ്ധമായാണ് സിനിമയില്‍ കൈകാര്യം ചെയ്തത്. കാലചക്രമുരുളുമ്പോള്‍ മലയാള സിനിമ മഹാനായ ജോര്‍ജിനോട് കടപ്പെട്ടിരിക്കുന്നു. ജീവിത യാഥാര്‍ഥ്യങ്ങളെ കലര്‍പ്പൊന്നും കൂടാതെ വാറ്റിയെടുത്ത് പകര്‍ന്ന് നല്‍കിയതിന്.