അന്ന് സുഖമില്ലെന്ന് പറഞ്ഞ് ഡെന്നിസ് വിളിച്ചു; 20-ാം നൂറ്റാണ്ട് ‘ഒഴിഞ്ഞ’ കഥ

sn-swami-dennis-joseph-1
SHARE

മൂന്നു പതിറ്റാണ്ടു മുമ്പ് എന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ സംഭവമാണിത്. തുടക്കകാലത്ത് ഞാൻ തിരക്കഥയെഴുതിയതെല്ലാം കുടുംബ ചിത്രങ്ങൾക്കായിരുന്നു. ചക്കരയുമ്മ, ഒരു നോക്ക് കാണാൻ, കണ്ടു കണ്ടറിഞ്ഞു, കൂടും തേടി, സ്‌നേഹമുള്ള സിംഹം, ഗീതം... എന്നിങ്ങനെ മോഹൻലാലും മമ്മൂട്ടിയും നായകൻമാരായി വന്ന ആ സിനിമകളെല്ലാം വലിയ ഹിറ്റാവുകയും ചെയ്‌തു. സ്വാഭാവികമായും തിരക്കേറി. ഒരു ദിവസം ഡെന്നീസ് ജോസഫിന്റെ വിളിയെത്തി. അക്കാലത്ത് ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. തനിക്ക് സുഖമില്ലെന്നും ആശുപത്രിയിൽ പോകണമെന്നും സഹായത്തിനായി വേഗം വരണമെന്നും പറഞ്ഞായിരുന്നു ഡെന്നീസിന്റെ വിളി.

ഞാനെത്തുമ്പോൾ ഡെന്നീസ് എന്നെനോക്കി ചിരിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ദേഷ്യം വന്നു. കള്ളം പറഞ്ഞതെന്തിനെന്നു ചോദിച്ചപ്പോൾ അങ്ങനെ പറഞ്ഞാലേ നീ വരികയുള്ളൂ എന്നറിയാവുന്നതു കൊണ്ടാണെന്നായിരുന്നു മറുപടി. ഡെന്നീസിനൊപ്പം അന്നേരം മുറിയിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ഡെന്നീസ് എനിക്കു പരിചയപ്പെടുത്തി; കെ. മധു.

ഡെന്നീസ് ജോസഫ് കാര്യം പറഞ്ഞു. മധു സ്വതന്ത്ര സംവിധായകനാവുന്ന സിനിമയ്‌ക്കായി തിരക്കഥ എഴുതാമെന്ന് അദ്ദേഹം ഏറ്റിരുന്നു. ആരോമ മണി നിർമിക്കുന്ന ചിത്രത്തിനു മോഹൻലാലിന്റെ ഡേറ്റ് കിട്ടി. തിരക്കഥയെഴുതാനായി ഡെന്നീസ് അഡ്വാൻസും വാങ്ങിയതാണ്. പക്ഷേ, അത് എഴുതി കൊടുക്കാനാവാത്ത സ്‌ഥിതി. പകരം ആ സിനിമയ്‌ക്കുള്ള തിരക്കഥ ഞാനെഴുതി നൽകണം എന്നതായിരുന്നു ഡെന്നീസിന്റെ ആവശ്യം.

എങ്ങനെയുള്ള തിരക്കഥയാണു വേണ്ടതെന്ന് അവർ പറഞ്ഞപ്പോഴാണു ശരിക്കും ഞെട്ടിയത്; ആക്ഷൻ ത്രില്ലർ. അതുവരെ ഞാൻ എഴുതിയിട്ടില്ലാത്ത രീതി. ഒടുവിൽ ഞാൻ ഒരാഴ്‌ചത്തെ സാവകാശം ചോദിച്ചു. ഏതാനും ദിവസം കഴിഞ്ഞു ഹോട്ടലിൽ കണ്ട ഒരു മാഗസിനിലെ കവർ ചിത്രം മനസിലുടക്കി. ഹിന്ദി സൂപ്പർതാരം ദിലീപ് കുമാറും ഭാര്യ സൈര ബാനുവും അധോലോക നായകനായ ഹാജി മസ്‌താന്റെ കാലിൽ തൊട്ടുതൊഴുന്ന ചിത്രമായിരുന്നു അത്. അതുവരെ അധോലോക രാജാക്കൻമാരെക്കുറിച്ചൊക്കെ പത്രങ്ങളിൽ നിന്നു വായിച്ചറിഞ്ഞ എനിക്ക് ആ പടത്തിൽ ഒരു കഥയുടെ ചരടുടക്കി. അങ്ങനെയാണ് 20-ാം നൂറ്റാണ്ട് എന്ന ചിത്രം പിറക്കുന്നത്. ആ ചിത്രം മലയാളത്തിലെ എക്കാലത്തേയും വമ്പൻ ഹിറ്റുകളിലൊന്നായി. മോഹൻലാലിനു സൂപ്പർ താരപദവി സമ്മാനിച്ച ചിത്രമായിരുന്നു അത്. തിരക്കഥാകൃത്തെന്ന നിലയിൽ 20-ാം നൂറ്റാണ്ട് എനിക്കും വഴിത്തിരിവായി. വഴങ്ങില്ലെന്നു കരുതിയ ത്രില്ലറുകളിലേക്കുള്ള ഒരു വഴിമാറ്റമായിരുന്നു പിന്നീട്. മമ്മൂട്ടിയുടെ നിർദേശ പ്രകാരം സേതുരാമയ്യർ കഥകൾ പിറന്നതെല്ലാം ഈ ട്രാക്കിലാണ്.

(01 ഫെബ്രുവരി 2014 മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചത്)

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...