വിദ്വേഷം പിന്തുണക്കില്ല; കങ്കണയുമായി ഇനി സഹകരിക്കില്ലെന്ന് ഫാഷൻ ഡിസൈനർ

ബോളിവുഡ് നടി കങ്കണ റണാവട്ടിനെ ബഹിഷ്‌കരിച്ച് പ്രമുഖ ഫാഷൻ ഡിസൈനർ ആനന്ദ് ഭൂഷൺ. കങ്കണയുമായി ഇനി ഒരിക്കലും സഹകരിച്ചു പ്രവർത്തിക്കില്ലെന്ന് ആനന്ദ് ഭൂഷൺ ട്വീറ്റ് ചെയ്തു. വിദ്വേഷ പ്രചാരണത്തിന്റെ പേരിൽ കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തതിനു പിന്നാലെയാണ് തീരുമാനം. 

''ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങളുടെ സമൂഹ മാധ്യമ ചാനലിൽ നിന്ന് കങ്കണ റണാവട്ടുമായി ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഭാവിയിലും അവരുമായി ഒരു സഹകരണവുമുണ്ടാകില്ല. ഒരു ബ്രാൻഡ് എന്ന നിലയിൽ അവരുടെ വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കാനാകില്ല'', ആനന്ദ് ഭൂഷൺ വ്യക്തമാക്കി. 

2002ലെ ഗുജറാത്ത് കലാപം ആവർത്തിക്കണം എന്ന് പറഞ്ഞതിലൂടെ അവർ ഏറ്റവും മോശം നിലയിലേക്കാണ് തരംതാഴ്ന്നിരിക്കുന്നതെന്ന് ആന്ദ് ഭൂഷൻ ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. നടി സ്വര ഭാസ്കര്‍ അടക്കമുള്ളവര്‍ ആനന്ദ് ഭൂഷനെ അഭിനന്ദിച്ച് രംഗത്തെത്തി. 

തുടര്‍ച്ചായി വിദ്വേഷജനകമായ പോസ്റ്റുകള്‍ ഇട്ടതിനാണ് കങ്കണയുടെ അക്കൗണ്ട് നീക്കം ചെയ്തതെന്ന് ‍‍ട്വിറ്റര്‍ അറിയിച്ചിരുന്നു.  ബംഗാളിൽ കലാപാഹ്വാനം നടത്തിയ ട്വീറ്റും വിവാദമായതിനു പിന്നാലെയാണ് നടപടി. ബംഗാളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് ‘2000ത്തിൽ ഗുജറാത്തിൽ കാണിച്ചതു പോലെയുള്ള വിശ്വരൂപം ബംഗാളിലും പുറത്തെടുത്ത് മമത ബാനർജിയെ 'മെരുക്കാൻ' കങ്കണ ആഹ്വാനം ചെയ്തിരുന്നു.