‘പൊലീസ് സുരക്ഷ വേണ്ട, അവരെ നല്ലതിന് നിയോഗിക്കൂ..’; വീണ്ടും സിദ്ധാർഥ്

ബിജെപിക്കെതിരെ രൂക്ഷവിമർശനം നടത്താറുള്ള നടനാണ് സിദ്ധാർഥ്. കോവിഡ് പ്രതിസന്ധിയിൽ മോദി സർക്കാരിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിയതോടെ താരത്തിനെതിരെ ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. കുടുംബത്തിന് അടക്കം വധഭീഷണി ഉണ്ടെന്ന് സിദ്ധാർഥ് പറയുകയും ചെയ്തു. ഇതിന് പിന്നാലെ താരത്തിന് പൊലീസ് സംരക്ഷണം നൽകാൻ തമിഴ്നാട് സർക്കാർ തയാറായി. എന്നാൽ ഇത് നിഷേധിച്ചിരിക്കുകയാണ് താരം. 

തനിക്ക് സുരക്ഷ ഒരുക്കാനുള്ള തീരുമാനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. പക്ഷേ സുരക്ഷയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ ഈ പ്രതിസന്ധി സമയത്ത് നാടിന് ഉപകാരമുള്ള ജോലികൾക്ക് നിയോഗിക്കണമെന്നാണ് സിദ്ധാർഥ് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ഐ.ടി സെല്ലിന്‍റെ നേതൃത്വത്തിൽ വ്യാപക ഭീഷണി നേരിടുന്ന നടൻ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്തും രംഗത്തുവന്നിരുന്നു. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു.

ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ നടന്റെ ഫോൺ നമ്പർ സമൂഹമാധ്യമത്തിലൂടെ പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തിരുന്നു. ഇതുവരെ  500-ലധികം ഫോണ്‍ കോളുകളാണ് വന്നത്. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നുവെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.