രണ്ടാം മാസത്തിൽ കുഞ്ഞു സിമ്പയ്ക്ക് കോവിഡ്; ഏറെ പരിഭ്രമിച്ചുവെന്ന് മേഘ്ന

ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിനങ്ങളാണ് നടി മേഘ്ന രാജിന്റെ ജീവിതത്തില്‍ കടന്നു പോയത്. കുഞ്ഞു സിമ്പയുടെ മുഖമാണ് അവര്‍ക്ക് തെല്ലെങ്കിലും ആശ്വാസമേകുന്നത്. തന്റെ മകനും കോവിഡ് ബാധിച്ച ദിനങ്ങളെക്കുറിച്ച് പങ്കു വയ്ക്കുകയാണ് മേഘ്ന. 

കോവിഡ് പോസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന് ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് മേഘ്ന ഇക്കാര്യം കുറിച്ചത്. താൻ ഏറെ പരിഭ്രാന്തിയിലായിരുന്നു . തനിക്കും രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവ് ആയപ്പോൾ എന്തുചെയ്യണമെന്നറിയാതെ വളരെയറെ വിഷമിച്ചുവെന്നു സമീറ റെഡ്ഡിയും വിഡിയോയിൽ പറയുന്നു. 

മകൻ ജൂനിയർ ചിരു എന്ന സിമ്പയ്ക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴാണ് കോവിഡ് പോസിറ്റീവ് ആയത്. കുട്ടികൾക്ക് കോവിഡ് പിടിപെട്ടാൽ രക്ഷിതാക്കൾ എന്തൊക്കെ ചെയ്യണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കണമെന്നും ഡോ നിഹാർ പരേഖ് വിഡിയോയിൽ വിശദമായി പറയുന്നു. 

കഴിഞ്ഞ ഡിസംബറിലായിരുന്നു മേഘ്നയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. മേഘ്നയുടെ അമ്മയ്ക്കും അച്ഛനും കോവിഡ് പോസിറ്റീവ് ആയിരുന്നു. മേഘ്ന മൂന്ന് മാസം ഗർഭിണിയായിരിക്കേയാണ് ഭർത്താവ് ചീരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്നത്.