‘വർഷങ്ങളുടെ ഇടവേളകളിൽ ഞങ്ങൾ കാണും'; കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഓർമ പങ്കിട്ട് സിത്താര

വീണ്ടുമൊരിക്കല്‍ കൂടി കലാലയ കാലത്തെ ആ കൂട്ടുകാരെ ഒന്നിച്ചു കാണാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇണങ്ങിയും പിണങ്ങിയും പാടിയും ആടിയും അടിപിടി കൂടിയും നടന്ന മധുരമുള്ള നാളുകള്‍. ഗായിക സിത്താര കൃഷ്ണകുമാര്‍ ആ നല്ല നാളുകള്‍ ഓര്‍ത്തെടുക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ഗായിക സൗഹൃദത്തിന്റെ കഥ വെളിപ്പെടുത്തിയത്. 

എൽകെജി ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവർ വരെ അക്കൂട്ടത്തിൽ ഉണ്ട്. ബാക്കിയുള്ളവരോടൊക്കെയുള്ള സിത്താരയുടെ ബന്ധത്തിന് ചുരുങ്ങിയത് പതിനേഴു വർഷത്തെ പഴക്കവുമുണ്ട്. കോഴിക്കോട് ഫറൂഖ് കോളജിലാണ് സിത്താര പഠിച്ചത്. കലാലയ കാലത്തെ ഓർമകളും കൂട്ടുകാർക്കൊപ്പം ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങളുമൊക്കെ ഓരോന്നായി എടുത്തു പറഞ്ഞ് സിത്താര എഴുതിയ കുറിപ്പും വൈറലായി കഴിഞ്ഞു. 

‘ഇതിൽ ഒരാളെ ഞാൻ പരിചയപ്പെട്ടിട്ട് ഏതാണ്ട് 30 വർഷങ്ങൾ ആവുന്നു (എൽകെജി ക്ലാസ്മേറ്റ്), പിന്നെ 25 വർഷങ്ങൾ ആയ ഒരാൾ, അങ്ങനെ 17 ആണ് ഏറ്റവും ചുരുങ്ങിയ പരിചയകണക്ക്! പോലീസുകാരനും, കോളേജ് മാഷും, സ്കൂൾ ടീച്ചറും, കേക്ക് ഷോപ്പ് ഓണറും, പാട്ടുകാരനും, സൗണ്ട് എഞ്ചിനീയറും ഒക്കെ ഉണ്ട് ഈ കൂട്ടത്തിൽ. ഇനിയും മൂന്നാലെണ്ണം വേറെയും. ഞങ്ങൾ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, പാടിയിട്ടുണ്ട്, ഡാൻസ് കളിച്ചിട്ടുണ്ട്, നോമ്പെടുത്തിട്ടുണ്ട്, ജാഥ വിളിച്ചിട്ടുണ്ട്, പാർട്ടി പേരും പറഞ്ഞ് പച്ചക്ക് ഉന്തും തള്ളും ഇടിയും കൂടിയിട്ടുണ്ട്, അതേ വൈകുന്നേരം ചായക്ക് കൂടിയിട്ടുണ്ട്. 

ഒരക്ഷരം മിണ്ടാതെതന്നെ വർഷങ്ങളുടെ ഇടവേളകളിൽ ഞങ്ങൾ കാണും, നിർത്തിയടത്തു നിന്ന് പറഞ്ഞ് തുടങ്ങും, ജിത്തുവിന്റെ വീട്ടിലെ കറുമൂസകൂട്ടാൻ മുതൽ എന്റെ സ്ഥിരം മുങ്ങൽ വരെ സകലതും എടുത്ത് പെറുക്കി പറയും. ഇനി ഒരു പത്തുകൊല്ലം കഴിഞ്ഞ് കണ്ടാലും ഇന്ന് നിർത്തിയിടത്തുനിന്ന് തുടങ്ങും.

NB: അരുണേ കല്യാണം കഴിക്കണേടാ, ഇല്ലെങ്കി ഞങ്ങള്ക്ക് നീയൊരു ബാധ്യത ആയാലോ’. ചിത്രങ്ങൾ പങ്കുവച്ച് സിത്താര കൃഷ്ണകുമാർ കുറിച്ചു.