ഒറ്റദിവസം കൊണ്ട് സിനിമ; ഒരു ഡസന്‍ ഗിന്നസ് റെക്കോര്‍ഡ്; 'സൂയിസൈഡ്' ഉടന്‍

പ്രമുഖ സാങ്കേതിക വിദഗ്ദരെ അണിനിരത്തി ഒരു ചാലഞ്ചിങ് 'ബോളിവുഡ്' സിനിമ, ചിത്രീകരണത്തിന് തയ്യാറെടുക്കുന്നു. 24മണിക്കൂറുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസ് ചെയ്യുകയാണ് ലക്ഷ്യം. മലയാളി പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂറുകൊണ്ട് ചിത്രീകരിച്ച 'ഭഗവാനും' 18മണിക്കൂറില്‍ പൂര്‍ത്തിയാക്കിയ കന്നഡ സിനിമ 'സുഗ്രീവ'യ്ക്കും ശേഷമാണ് പുതിയ വേഗമേറിയ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളിയായ ഇര്‍ഫാന്‍ കമാല്‍ തിരക്കഥ ചെയ്തിരിക്കുന്ന സിനിമ ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും റിലീസ് ചെയ്യുക. 

അഭിനയ പ്രാധാന്യമുള്ള 'സൂയിസൈഡില്‍' ഒരു കഥാപാത്രം മാത്രമായിരിക്കും ഉണ്ടാവുക. ഇന്ത്യന്‍ സിനിമയിലെ പ്രമുഖനടന്‍ നായകനാകുമെന്നാണ് അറിയിപ്പെങ്കിലും അത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഈ പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകും.ഒരേസമയം 40 ക്യാമറകളിലായിരിക്കും ചിത്രീകരണം. റിലീസോടെ പന്ത്രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സിനിമയുടെ പേരില്‍ എഴുതപ്പെടുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. എഡിറ്റിങ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, ഫൈനല്‍ മിക്സ് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷന്‍ വേഗതയിലടക്കം റെക്കോര്‍ഡ് സ്വന്തമാക്കുമെന്ന് പ്രശാന്ത് പറയുന്നു. അത്യന്തം വെല്ലുവിളിനിറഞ്ഞ 'സൂയിസൈഡ്' രണ്ടുമാസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം.