‘ഒടിയനിലെ 'രവി'യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടി കൈലാഷ്’; കുറിപ്പുമായി ശ്രീകുമാറും

നടന്‍ കൈലാഷിനെതിരെയുള്ള വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ള പ്രമുഖർ രംഗത്തുന്നത്. സംവിധായകൻ വി.എ ശ്രീകുമാറും പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ് പങ്കിട്ടു. അദ്ദേഹത്തിന്റെ ഒടിയൻ എന്ന സിനിമയിലും കൈലാഷ് അഭിനയിച്ചിരുന്നു. ‘മിഷൻ സി’ സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റർ ട്രോളന്മാർ ഏറ്റെടുത്തത്. 

കുറിപ്പ് വായിക്കാം: പ്രിയപ്പെട്ട കൈലാഷ്, അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്. ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.

ഒടിയനിലെ 'രവി'യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ. കൈലാഷിന് ഐക്യദാർഢ്യം.